AI Generated Image

TOPICS COVERED

വോയിസ്, എസ്എംഎസ് എന്നിവയ്ക്കായി വെവ്വേറെ റീചാര്‍ജ് പാക്കുകള്‍ അവതരിപ്പിക്കുന്നത് ഉള്‍പ്പെടെ റീചാര്‍ജ് പരിഷ്കരിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവിലെ പ്ലാന്‍ പ്രകാരം മൊബൈല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കാത്ത സേവനത്തിന് പണം നല്‍കുന്നതിനാലാണ് ട്രായ് പരിഷ്കാരത്തിന് ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് പുറത്തിറക്കി. 

നിലവില്‍ വിപണിയിലുള്ള താരിഫ് പ്ലാനുകള്‍ വോയിസ്, ഡാറ്റ, എസ്എംഎസ്, ഒടിടി സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. എല്ലാ സേവനങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമില്ലാത്തതിനാല്‍ ഉപയോഗിക്കാത്ത സേവനത്തിനാണ് പലരും പണം ചെലവാക്കുന്നത്. ബണ്ടിൽഡ് ഓഫറുകൾ വരിക്കാര്‍ക്ക് പ്ലാന്‍ തിരഞ്ഞെടുക്കുന്നതിന് ഒരു പരിമിതിയാണെന്നും ട്രായ് വ്യക്തമാക്കി. 2012 ലെ ടെലികോം കണ്‍സ്യമൂര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് ഭേദഗതി ചെയ്യുകയും നിലവിലുള്ളതിനൊപ്പം പ്രൊഡക്ട് സ്പെസിഫിക് താരിഫ് പ്ലാനുകള്‍ കൊണ്ടുവരണമോ എന്നുമാണ് ട്രായ് നിര്‍ദ്ദേശങ്ങള്‍ തേടുന്നത്. 

റെഗുലേറ്റർ നടത്തിയ ഒരു ഉപഭോക്തൃ സർവേ അനുസരിച്ച്, പ്രത്യേക താരിഫ് വൗച്ചറുകൾ, കോംബോ വൗച്ചറുകൾ എന്നിവയുടെ കാലയളവ് നിലവിലെ 90 ദിവസത്തെ പരിധിക്കപ്പുറം നീട്ടുന്നതിന് ഉപഭോക്താക്കൾക്ക് താല്‍പര്യമുണ്ട്. ഇടയ്ക്കിടെ റീചാര്‍ജ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നു. 2016 ല്‍ 4ജി സേവനങ്ങള്‍ ആരംഭിച്ചതിന് ശേഷമാണ് ടെലികോം കമ്പനികള്‍ വോയിസ്, ഡാറ്റ അടങ്ങുന്ന ബണ്ടില്‍ പാക്ക് ആരംഭിച്ചത്. . വോയിസ് അടക്കം ഡാറ്റ പാക്കില്‍ നല്‍കുന്നു.

നിലവില്‍ 300 മില്യണ്‍ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്ക്. ഇവര്‍ ഫോണ്‍ കോള്‍ ചെയ്യാനും മെസേജ് അയക്കാനും ഡാറ്റ ഉപയോഗിക്കുന്നില്ല. ഇതാണ് ട്രായ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നത്. ഓഗസ്റ്റ് 16 വരെ നിര്‍ദ്ദേശം നല്‍കാം. എതിരഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഓഗസ്റ്റ് 23 വരെ അവസരം നല്‍കും. 

ENGLISH SUMMARY:

Telecom regulator TRAI seek views of companies on bringing back voice and SMS-only packs.