വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കി യുപിഎസ്‌സി. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാട്ടി സര്‍വീസില്‍ കയറിക്കൂട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പൂജയ്ക്കെതിരായ നടപടി. സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നതില്‍ നിന്നും പൂജയ്ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.
സിവില്‍ സര്‍വീസ് പരീക്ഷയുടെ ചട്ടങ്ങള്‍ പൂജ ലംഘിച്ചതായി തെളിഞ്ഞുവെന്ന് യുപിഎസ്‌സി പ്രസ്താവനയില്‍ അറിയിച്ചു. പൂജയ്‌ക്കെതിരായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് യുപിഎസ്‌സി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിന്‍മേല്‍ മറുപടി ജൂലൈ 25നകം വിശദീകരണം നല്‍കണമെന്നായിരുന്നു പൂജയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സമയം ഓഗസ്റ്റ് നാല് വരെ നീട്ടി നല്‍കണമെന്ന് പൂജ അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് ജൂലൈ 30 വരെ യുപിഎസ്‌സി സമയം അനുവദിക്കുകയും ഇതില്‍ കൂടുതല്‍ സമയം നല്‍കില്ലെന്ന് വ്യക്തമാക്കുകയുംചെയ്തിരുന്നു. പൂജയുടേതായി കൈവശമുള്ള രേഖകള്‍ യുപിഎസ്‌സി വിശദമായി പരിശോധിച്ചു. തുടര്‍ന്ന് ഇവര്‍ 2022 ലെ സിഎസ്‌ഇ ചട്ടങ്ങള്‍ ലംഘിച്ചതായി തെളിഞ്ഞതോടെയാണ് നടപടി.
2009 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ 15000ത്തിലേറെ പേരുടെ വിവരങ്ങളാണ് പൂജ ഖേദ്കറിന്‍റെ വിവാദത്തിന് പിന്നാലെ യു.പി.എസ്.സി പരിശോധിച്ചത്. മറ്റൊരാളും കൃത്രിമം കാട്ടി അനുവദിച്ചതിലുമധികം തവണ പരീക്ഷയെഴുതുകയോ മറ്റ് ക്രമക്കേടുകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും പാനല്‍ കണ്ടെത്തി. സ്വന്തം പേരിന് പുറമെ മാതാപിതാക്കളുടെ പേരും പൂജ വ്യത്യസ്തമായാണ് നല്‍കിയിരുന്നതെന്നതിനാല്‍ പൂജ എത്ര തവണ പരീക്ഷയെഴുതിയിട്ടുണ്ടെന്ന് യു.പി.എസ്.സിക്കും സ്ഥിരീകരിക്കാനായിട്ടില്ല.
ഇക്കഴിഞ്ഞ ജൂണില്‍ പൂജയ്ക്കെതിരെ പൂണെ കലക്ടറായിരുന്ന സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ക്രമക്കേടുകള്‍ പുറത്തറിയുന്നത്. ഐഎഎസ് ട്രെയിനി മാത്രമായ പൂജ, പരിശീലന കാലയളവില്‍ തന്നെ കാറും സ്റ്റാഫും ഓഫിസും ആവശ്യപ്പെട്ടതും കലക്ട്രേറ്റിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതുമായിരുന്നു പരാതിക്ക് അടിസ്ഥാനം.
സംവരണം ലഭിക്കാനും പൂജ കൃത്രിമം കാട്ടിയെന്ന് ആരോപണം ഉയര്‍ന്നു. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിലാണെന്ന് കാണിക്കുന്ന രേഖകളാണ് പൂജ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച പൂജയുടെ പിതാവിന് 40 കോടിയോളം രൂപയുടെ സ്വത്തുള്ളപ്പോള്‍ ഇതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു പരാതിക്കാരുടെ ചോദ്യം. ഇതിനും പുറമെ വൈകല്യമുണ്ടെന്ന വ്യാജ അവകാശവാദവും പൂജ ഉന്നയിക്കുകയും ഇതിന്‍റെ ഇളവ് നേടുകയും ചെയ്തു. ആളുകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂജയുടെ അമ്മ മനോരമ ഖേദ്കറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ദിലീപ് ഖേദ്കര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.