online-order-phone-tea-cup

Image Credit: AI generated image

മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത 42കാരന് ലഭിച്ചത് ഒരു സെറ്റ് ചായക്കപ്പ്. മുംബൈയിലാണ് സംഭവം. മാഹിം നിവാസിയായ അമർ ചവാൻ ആമസോണിനെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി. 

ആമസോണിൽ നിന്ന് 55000 രൂപയുടെ ടെക്നോ ഫാന്റം വി ഫോൾഡ് 5 ജി ഫോണാണ് അമർ ഓർഡർ ചെയ്തത്. ജൂലൈ 15 ന് ഫോണ്‍ ഡെലിവറി ചെയ്തതായി മെസേജ് വന്നു. എന്നാല്‍ പാഴ്സലില്‍ ഫോണിനു പകരം ലഭിച്ചത് ഒരു സെറ്റ് ചായകപ്പുകളായിരുന്നു. ഉടന്‍തന്നെ വിവരം ആമസോണില്‍ അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താമെന്നും ഫോണിനു പകരം മാറി വന്ന ചായക്കപ്പുകള്‍ തിരിച്ചെടുക്കാമെന്നും ആമസോണ്‍ അമറിനെ അറിയിച്ചു. എന്നാല്‍ ജൂലൈ 20 തീയതി ആയിട്ടും സാധനം തിരിച്ചെടുക്കാന്‍ ആരും വന്നില്ല. 

വീണ്ടും ആമസോണിനെ ബന്ധപ്പെട്ടപ്പോള്‍ നിസ്സഹായത പ്രകടിപ്പിക്കുകയും അന്വേഷണ റിപ്പോർട്ട് നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് അമര്‍ വിവരം പൊലീസില്‍ അറിയിച്ചത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ ആമസോണ്‍ താല്പര്യം കാണിക്കുന്നില്ലെന്നും അമര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഫോണ്‍ ഡെലിവറി ചെയ്ത ആളുടെ സിസിടിവി ദൃശ്യങ്ങ‍ള്‍ ഇദ്ദേഹം പൊലീസിനു കൈമാറിയിട്ടുണ്ട്. 

ഇതിനു മുന്‍പും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ബെംഗളൂരു യുവതി ഓര്‍ഡര്‍ ചെയ്ത പാഴ്സലില്‍ നിന്ന് ജീവനുള്ള പാമ്പിനെ കിട്ടിയിരുന്നു.

ENGLISH SUMMARY:

Mumbai Man named Amar Chavan claims that he received a set of tea cups instead of the Rs 55k smartphone he ordered online