ഒരു കാരണവുമില്ലാതെ ഓടുന്ന ട്രെയിനിലേക്ക് കല്ലെടുത്ത് എറിയുന്ന ഒരാള്‍. സമൂഹമാധ്യമത്തില്‍ വൈറലാകുന്ന വിഡിയോയില്‍ കാണുന്നതാണിത്. കൂട്ടിയിട്ടിരിക്കുന്ന കല്ലിനു സമീപമിരുന്ന് ഒരു യുവാവ് ട്രെയിനിലേക്ക് കല്ലെടുത്ത് എറിയുന്നു. അത് വന്നു പതിച്ചതാകട്ടെ ഒരു യാത്രക്കാരന്‍റെ മുഖത്തും. മുഖത്ത് രക്തം വാര്‍ന്നിരിക്കുന്ന യാത്രക്കാരന്‍റെ ചിത്രങ്ങളും വിഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാരിലാരോ പകര്‍ത്തിയ വിഡിയോയിലാണ് കല്ലെറിയുന്ന യുവാവിന്‍റെ ദൃശ്യമുള്ളത്.
ബിഹാറില്‍ ഭാഗല്‍പുര്‍– ജയനഗര്‍ എക്സ്പ്രസ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. ട്രാക്കിനരികില്‍ വളരെ ‘കൂളായി’ ഇരുന്നാണ് യുവാവ് ട്രെയിനിനു നേരെ കല്ലെറിയുന്നത്. കല്ലുകൊണ്ട് യാത്രക്കാരന്‍റെ മൂക്കുപൊട്ടി മുഖമാകെ ചോരയൊലിക്കുന്ന ചിത്രങ്ങള്‍ വിഡിയോയ്ക്കൊപ്പം വ്യാപകമായി പ്രചരിച്ചു. വിഡിയോ വൈറലായതിനു പിന്നാലെ കല്ലെറിഞ്ഞ യുവാവിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ അധികൃതര്‍ പൊലീസിനോട് അവശ്യപ്പെട്ടു.
ഇനി ഇത്തരത്തിലൊരു പ്രവര്‍ത്തിയുണ്ടാകാന്‍ പാടില്ല എന്ന കുറിപ്പോടെയാണ് വിഡിയോ പലരും സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നത്. ട്രെയിനിനു നേരെ കല്ലെറിഞ്ഞയാളെ പിടികൂടിയെന്നും വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും റെയില്‍വേ പ്രതികരിച്ചു. ഇത്തരത്തില്‍ മോശം പ്രവര്‍ത്തികള്‍ നടത്തുന്നവരെക്കുറിച്ച് കൃത്യമായി പരാതിപ്പെടണമെന്ന നിര്‍ദേശവും പൊതുജനങ്ങള്‍ക്കായി റെയില്‍വേ നല്‍കിയിട്ടുണ്ട്.