TOPICS COVERED

മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്തായ ബംഗ്ലദേശിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയഅസ്ഥിരത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രമല്ല, ഗാന്ധി കുടുംബത്തിൻറെയും പ്രിയ സുഹൃത്ത് കൂടിയായ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദമുപേക്ഷിച്ച് പലായനം ചെയ്യേണ്ട അവസ്ഥ. ഒരു വശത്ത് പാക്കിസ്ഥാൻറേയും ചൈനയുടേയുമൊക്കെ സമ്മർദ്ദങ്ങൾ നിലനിന്നപ്പോഴും ഇന്ത്യയുടെ നിലപാടുകളോട് ചേർന്ന് നിന്ന ഭരണാധികാരിയായിരുന്നു ഹസീന. എന്നാൽ ബംഗ്ലദേശിൽ പുതിയ സർക്കാർ വരുമ്പോൾ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ? മോദി സർക്കാരിൻറെ വിദേശനയം അയൽബന്ധങ്ങളെ ചേർത്തുനിർത്തുന്നതിൽ പരാജയപ്പെടുകയാണോ?

അവീമി ലീഗിൻറെ അടിസ്ഥാനനയങ്ങളിൽപോലും ഇന്ത്യയുടെ സ്വാധീനമുണ്ടെനത് പരക്കെ അംഗീകരിക്കപ്പെട്ട സത്യമാണ്. പക്ഷേ, ഇതിന് നേരെ വിപരീതമാണ് ബംഗ്ലദേശ് നാഷണൽ പാർട്ടിക്ക് ഇന്ത്യയോടുള്ള സമീപനം. ബിഎൻപിയുടെ കാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭീകരത പടർത്തിയവരുടെ സുരക്ഷിതതാവളമായിരുന്നു ബംഗ്ലദേശ്. പൊതുവേ സമാധാനപരമായി കരുതിയിരുന്ന 4096 കിലോമീറ്റർ നീളമുള്ള ഇന്ത്യ–ബംഗ്ലദേശ് അതിർത്തി പാക് അതിർത്തിപോലെയായി മാറാൻ ഒരിക്കലും ഇന്ത്യ ആഗ്രഹിക്കുന്നില്ല.  പ്രത്യേകിച്ച് ഇന്ത്യയുടെ ഏറ്റവും നീളമേറിയ കര അതിർത്തിയെന്ന നിലയിൽ ഇന്ത്യയ്ക്കത് ആശങ്കയുണ്ടാക്കുന്നതാണ്. അതിർത്തികടന്നുള്ള ഭീകരതയെ തടയിടുന്നതിൽ ഇന്ത്യയ്ക്ക് സഹായകരമായിരുന്നു ഷെയ്ഖ് ഹസീനയുടെ നിലപാടുകൾ. എന്നാൽ ജമാഅത്തിൻറെ കൂട്ടുപിടിച്ചുള്ള നാഷണൽ പാർട്ടിയുടെ നയങ്ങൾ പാക്കിസ്ഥാന് അനുകൂലമായതിൽ ആശങ്ക ഇന്ത്യയ്ക്കാണ്.

മാലദ്വീപ്

ഒരു കാലത്ത് മേഖലയിലെ പല രാജ്യങ്ങളുടേയും ആദ്യ സുഹൃത്തായിരുന്നു ഇന്ത്യയെങ്കിൽ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല. ദ്വീപരാഷ്ട്രമായ മാലദ്വീപിൽ മുഹമ്മദ് മുയിസു അധികാരത്തിലേറെയിതോടെ ഇന്ത്യയ്ക്ക് മുകളിലേക്ക് ചൈനയെ പ്രതിഷ്ടിച്ചു തുടങ്ങി. സാമ്പത്തിക സഹായമടക്കം ഉറപ്പാക്കി ചൈന അവസരം അനുകൂലമാക്കി. ചൈനയ്ക്കുവേണ്ടി ഇന്ത്യയെ വെറുപ്പിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയിലേക്കുള്ള മാറ്റം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ സുരക്ഷാനയങ്ങൾക്ക് ആശങ്കയുളവാക്കുന്നതാണ്. വിനോദസഞ്ചാരമേഖലയിലേക്ക് ഇന്ത്യക്കാരുടെ വരവ് കുറഞ്ഞതോടെ തളർച്ച മാറ്റാൻ ഇന്ത്യയെ സന്തോഷിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

നേപ്പാൾ

ഇന്ത്യയുടെ മറ്റൊരു സുഹൃത്തും ഇന്ത്യയുടെ സഹായത്താൽ മുന്നോട്ടുപോകുന്ന രാജ്യവുമാണ് നേപ്പാൾ. പക്ഷേ, ഒരു ദശകത്തിലധികമായി നേപ്പാളിൽ അസ്ഥിരമായ ഭരണമാണ്. 16 വർഷത്തിനിടെ 14 സർക്കാരുകൾ. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിൻറെ നേതാവായ കെ.പി.ശർമ ഒലി പ്രധാനമന്ത്രിയായതിന് പിന്നാലെ കീഴ്‍വഴക്കം മറന്ന് ആദ്യം പോയത് തായ്‍ലൻഡിലേക്ക്. 2015–16 കാലഘട്ടത്തിൽ ചൈനയുമായി സുശക്തമായ വ്യാപാരകരാർ സ്ഥാപിച്ചതോടെ നേപ്പാളിൻറെ വിദേശവ്യാപാര രംഗത്ത് ഇന്ത്യയുടെ മൊണോപളി അവസാനിച്ചിരുന്നു. ഒരു കാലത്ത് എന്തിനും ഏതിനും ഇന്ത്യയെന്ന അവസ്ഥയിൽ നിന്ന് നേപ്പാൾ മാറിയിരിക്കുന്നു. പുതിയ വിദേശബന്ധങ്ങളും നയങ്ങളുമൊക്കെ നേപ്പാളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് വിടവ് വർധിപ്പിച്ചു. ഒരു കാര്യം ഉറപ്പാണ് കാഠ്മണ്ഡുവിലെ ഏത് ചലനവും ‍ഡൽഹിയും ബെയ്ജിങ്ങും സസൂക്ഷ്മം നിരീക്ഷിക്കും.

People waves Bangladeshi flags on top of the Ganabhaban, the Prime Minister's residence, as they celebrate the resignation of PM Sheikh Hasina in Dhaka, Bangladesh

മ്യാൻമാർ

2021 മുതൽ സൈനിക ഭരണ തുടരുന്ന മ്യാൻമാറിലും ഭരണം അസ്ഥിരമാണ്. സൈന്യത്തിനെതിരെ സായുധസംഘങ്ങളുടെ വളർച്ച മ്യാൻമാറിനെ ഏത് നിമിഷവും കലാപത്തിലേക്ക് നയിച്ചേക്കാം. അതിനാലാണ് 1643 കിലോമീറ്റർ വരുന്ന ഇന്ത്യ–മ്യാൻമാർ അതിർത്തിയിൽ വേലികെട്ടാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ ചെന്നെത്തിയത്. മ്യാൻമാറിലെ അസ്ഥിര സാഹചര്യത്തില്‌ മിസോറം, മണിപ്പുരിലേക്ക് അഭയാർഥി പ്രവാഹമുണ്ടാകാമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു.

ശ്രീലങ്ക

ഇന്നത്തെ ബംഗ്ലദേശിലെ കാഴ്ചകൾക്ക് സമാനമായിരുന്നു രണ്ട് വർഷം മുൻപുള്ള ശ്രീലങ്കയിലെ കാഴ്ചകൾ. രജപക്സെ കുടുംബത്തോടുള്ള കടുത്ത പ്രതിഷേധം രാജ്യം കണ്ട ഏറ്റവും വലിയ കലാപരൂക്ഷിത പ്രതിഷേധമായി മാറി. ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യത്തേക്ക് വ്യവസായത്തിൻറെയും സഹായത്തിൻറെയും പേരിൽ ചൈന ഇടനാഴി തുറക്കാൻ ശ്രമിക്കുന്നതിനെ ഇന്ത്യ എന്നും എതിർക്കുന്നുണ്ട്. അതിനാൽതന്നെ രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായി വലിയ സഹായങ്ങൾ നൽകി രാജ്യത്തെ കൂടെനിർത്താനുള്ള ശ്രമമാണ് എന്നും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളത്. 2022 ലെ ആ വിഷമഘട്ടത്തിൽ 4.5 ബില്യൺ ഡോളറിൻറെ വലിയ സഹായം നൽകിയ ഇന്ത്യയെ ശ്രീലങ്ക അത്രപെട്ടെന്ന് മറക്കില്ലെന്നത് ആശ്വാസകരമാണ്.

അഫ്ഗാനിസ്ഥാൻ

താലിബാൻ നയങ്ങളെ അംഗീകരിക്കാതിരിക്കുമ്പോഴും സൗഹൃദനയതന്ത്രം പുലർത്തുകയാണ് ഇന്ത്യ. ഗോതമ്പ് അടക്കം ഭക്ഷ്യരംഗത്തും കായികമേഖലയിലുമടക്കം വലിയ സഹായങ്ങളാണ് ഇന്ത്യ അഫ്ഗാന് നൽകുന്നത്. പാക്കിസ്ഥാനോട് അതിർത്തിബന്ധങ്ങളിലടക്കം വിവിധ വിഷയങ്ങളിൽ എതിർപ്പ് തുടരുന്നതിനാലും ഇന്ത്യയുടെ സുഹൃത്തായി അഫ്ഗാൻ തുടരുമെന്നുതന്നെ കരുതാം.

പാക്കിസ്ഥാൻ

ഇന്ത്യയുടെ എക്കാലത്തേയും വലിയ ‘തല’വേദന. മേഖലയിലെ അയൽക്കാരെ ഇന്ത്യയ്ക്കെതിരെ നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്ന രാജ്യം. കശ്മീരിനെ അസ്ഥിരമാക്കുകയെന്നത് ലക്ഷ്യം. അതിലുപരി മേഖലയിൽ ഇന്ത്യയുടെ മേൽക്കോയ്മ ഇടിച്ചുതാഴ്ത്തുകയെന്നത് പരമപ്രധാനമായ ലക്ഷ്യം.

പറഞ്ഞവസനാപ്പിക്കേണ്ടത് ചൈനയെക്കൂടി പരാമർശിച്ചുകൊണ്ടായിരിക്കണം. മാലദ്വീപിലും പാക്കിസ്ഥാനിലുമൊക്കെ ഇന്ത്യയ്ക്കെതിരെ ശത്രുതാമനോഭാവം വളർത്താൻ, അതിലുപരി ഇന്ത്യയുടെ സാമ്പത്തികരാഷ്ട്രീയ മുന്നേറ്റത്തിന് തടയിടാൻ എല്ലാ അടവും പയറ്റുന്ന രാജ്യം. സാമ്പത്തിക ഇടനാഴിയും വ്യാപാര വ്യവസായ മേഖലകളിൽ സഹായവുമൊക്കെ വാഗ്ദാനം ചെയ്ത് രാജ്യങ്ങളെ കൂടെനിർത്തുകയെന്ന തന്ത്രം ഇന്ത്യയെ ഒറ്റപ്പെടുത്തുന്നതിന് വേണ്ടിക്കൂടിയാണെന്നതിന് സമീപകാലസംഭവങ്ങൾ തെളിവാണ്. ഒപ്പം അതിർത്തിയിൽ നേരിട്ടുള്ള ആക്രമണങ്ങൾകൂടിയാകുന്നതോടെ ചൈനയുടേത് വെറും നിഴൽ യുദ്ധം മാത്രമല്ല, നേരിട്ടുള്ള ഭീഷണികൂടിയാണെന്ന് ഇന്ത്യ തിരിച്ചറിയേണ്ടിരിക്കുന്നു.