പാരിസ് ഒളിംപിക്സില്‍ ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലില്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ വനിത താരം വിനേഷ് ഫോഗട്ടിന് മല്‍സരിക്കാന്‍ അവസരം ലഭിച്ചതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി എം.പിയും നടിയുമായ കങ്കണ റണാവത്ത്. ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടും വിനേഷ് ഫോഗട്ടിന് പാരിസ് ഒളിംപിക്സില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചെന്നും അതാണ് ജനാധിപത്യത്തിന്‍റേയും മികച്ച നേതാവിന്‍റേയും മനോഹാരിതയെന്നും വിനേഷിന്‍റെ ചിത്രം പങ്കുവച്ച് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ മുന്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന സമരത്തിന്‍റെ മുന്‍നിരയില്‍ വിനേഷ് ഫോഗട്ട് ഉണ്ടായിരുന്നു.
'ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലിനായി പ്രതീക്ഷയുണ്ട്. ഒരു ഘട്ടത്തില്‍ 'മോദി നിങ്ങളുടെ ശവക്കല്ലറ കുഴിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തി വിനേഷ് ഫോഗട്ട് പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു. എന്നിട്ടും അവര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചു, മികച്ച പരിശീലനവും പരിശീലകരേയും സൗകര്യങ്ങളും ലഭിച്ചു, അതാണ് ജനാധിപത്യത്തിന്‍റേയും മികച്ച നേതാവിന്‍റേയും മനോഹാരിത,' കങ്കണ കുറിച്ചു.
ആദ്യമായാണ് ഇന്ത്യന്‍ വനിത താരം ഗുസ്തി ഫൈനലില്‍ എത്തുന്നത്. രാത്രി 11.23ന് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡര്‍ബ്രാന്‍ഡ്ട് ആണ് വിനേഷിന്റെ എതിരാളി.