രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയത്തിന് പ്രതിപക്ഷനീക്കം. പ്രമേയത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. പ്രമേയത്തില്‍ എംപിമാര്‍ ഒപ്പുവയ്ക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. 14 ദിവസം മുമ്പ് കൊടുക്കേണ്ടതിനാല്‍ ഈ സമ്മേളനത്തില്‍ പ്രമേയനടപടികള്‍ ഉണ്ടാവില്ല. അധ്യക്ഷന്‍ ധന്‍കര്‍ ജയാ ബച്ചനെ അപമാനിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാജ്യസഭ അധ്യക്ഷന്‍ മാപ്പ് പറയണമെന്നും ജയാ ബച്ചന്‍ ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ അധ്യക്ഷന്‍ ജയയെ ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ ‘ജയ അമിതാഭ് ബച്ചന്‍’ എന്ന് അഭിസംബോധന ചെയ്തതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും പുറത്തുപോയി. താനൊരു അഭിനേത്രി കൂടിയാണെന്നും ഒരാളുടെ ബോഡി ലാംഗ്വേജും ഭാവപ്രകടനങ്ങളും കൃത്യമായി തനിയ്ക്ക് മനസിലാക്കാമെന്നും ജയ പറയുന്നു, അധ്യക്ഷന്റെ ഭാവം സഭയില്‍ സ്വീകാര്യമല്ലെന്നും തന്നെ അപമാനിച്ചെന്നും അധ്യക്ഷന്‍ തന്നോട് മാപ്പ് പറയാതെ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറില്ലെന്നും ജയാ ബച്ചന്‍ വ്യക്തമാക്കി.
നേരത്തേയും ജയാ ബച്ചനും ധന്‍കറും തമ്മില്‍ വാദപ്രതിവാദങ്ങളുണ്ടായിട്ടുണ്ട്. മുന്‍പ് ചോദ്യോത്തരവേളയില്‍ ഒരു ചോദ്യം ഒഴിവാക്കിയതിനെച്ചൊല്ലിയും ജയാ ബച്ചനും രാജ്യസഭാ അധ്യക്ഷനും തമ്മില്‍ വാക്പോര് നടന്നിരുന്നു. എംപിമാര്‍ സ്കൂള്‍ കുട്ടികളല്ല, മാന്യമായി പെരുമാറണം എന്ന് അന്നത്തെ പ്രതിഷേധത്തിനിടെയില്‍ ജയ ആവശ്യപ്പെട്ടിരുന്നു.