AI generated image

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ തുണിക്കഷ്ണം മറന്നുവച്ച് ഡോക്ടറുടെ അനാസ്ഥ. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രസവം കഴിഞ്ഞ് നാളുകള്‍ക്കിപ്പുറം യുവതിയുടെ ആരോഗ്യം മോശമായതോടെയാണ് വയറ്റില്‍ തുണിക്കഷ്ണം അകപ്പെട്ട വിവരം പുറത്തറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ശസ്​ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെയും  ആശുപത്രിക്കെതിരെയും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഡോക്ടറുടെ അനാസ്ഥയും അശ്രദ്ധയുമാണ് ഇങ്ങനെയാരു സംഭവത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ മറന്നുവച്ച തുണിക്കഷ്ണം നാളുകള്‍ക്കിപ്പുറം മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ‌ശസ്ത്രക്രിയക്ക് ശേഷം നാളുകള്‍ കഴിയുന്തോറും യുവതിയുടെ ആരോഗ്യം വഷളാവാന്‍ തുടങ്ങി. ഇതോടെയാണ് യുവതിയെ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറ്റില്‍ തുണി അകപ്പെട്ടത് ശ്രദ്ധിക്കപ്പെട്ട ആശുപത്രി അധികൃതര്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ തുണിക്കഷ്ണം പുറത്തെടുക്കുകയായിരുന്നു. 

അലിഗഡ് സ്വദേശിയായി വികാസ് കുമാറിന്‍റെ ഭാര്യയാണ് ചികില്‍സാപ്പിഴവിന് വിധേയയായത്. ഇരട്ട പെണ്‍കുട്ടികളെ ഗര്‍ഭിണിയായിരിക്കവേയാണ് 28കാരിയായ യുവതിയെ വികാസ് ജി.ടി റോഡിലുളള ശിവ് മഹിമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയക്കിടെ യുവതി  ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സര്‍ജിക്കല്‍ ക്ലോത്ത് അഥവാ തുണിക്കഷ്ണം യുവതിയുടെ വയറിനകത്ത് ഡോക്ടര്‍ മറന്നുവച്ചു.

സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ വികാസ് കുമാര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുണിക്കഷ്ണം വയറ്റില്‍ നിന്നും നീക്കം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പരാതിയോടൊപ്പം ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും നീതി ലഭിക്കും വരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും വികാസ് കുമാര്‍ പറഞ്ഞു. അതേസമയം ഡോക്ടറുടെ അശ്രദ്ധ മൂലം സംഭവിച്ച ചികില്‍സാപ്പിഴവിന്‍റെ അനന്തരഫലം തന്‍റെ ഭാര്യ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും വികാസ് ചൂണ്ടിക്കാട്ടി. വയറ്റില്‍ ദിവസങ്ങളോളും തുണിക്കഷ്ണം അകപ്പെട്ടതുമൂലമുളള അണുബാധയില്‍ നിന്നും ഭാര്യ ഇപ്പോഴും മുക്തയായിട്ടില്ലെന്നും വികാസ് പറഞ്ഞു. 

ENGLISH SUMMARY:

Doctors leave towel in women’s belly during delivery