ചൂടും പുകച്ചിലും കാരണം വീടിന് പുറത്ത് ബീച്ചിലേക്ക് ഇറങ്ങി കിടന്നുറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവര്‍ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ എസ്.യു.വി ഇടിച്ച് മരിച്ചു. മുംബൈയിലെ വെര്‍സോവ ബീച്ചിലാണ് സംഭവം. ഗണേഷ് വിക്രം യാദവെന്ന 36കാരനാണ് ഉറങ്ങിക്കിടക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടത്. ഒപ്പം ഉറങ്ങിയിരുന്ന ബബ്ലു ശ്രീവാസ്തവയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കാറോടിച്ച നാഗ്പുര്‍ സ്വദേശി നിഖില്‍ ദിലിപ് (34), സുഹൃത്ത് നവി മുംബൈ സ്വദേശി ശുഭം അശോക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.. കടുത്ത ഉഷ്ണം കാരണം വീടിന് പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്നു ഗണേഷും ബബ്ലുവും. പുലര്‍ച്ചെ അഞ്ചേമുക്കാലോടെ അമിത വേഗത്തിലെത്തിയ കാര്‍ ഗണേഷിന്‍റെ ശരീരത്തിലൂടെ പാഞ്ഞുകയറിയെന്നും ഒപ്പമുണ്ടായിരുന്ന ബബ്ലുവിനെയും ഇടിച്ചെന്നും പൊലീസ് പറയുന്നു. ഗണേഷിന് ഗുരുതരമായി പരുക്കേറ്റെന്ന് കണ്ടതും എസ്.യു.വിയിലുണ്ടായിരുന്ന രണ്ടുപേരും കടന്നുകളഞ്ഞതായി ബബ്ലു പൊലീസില്‍ മൊഴി നല്‍കി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.
വാടകയ്ക്കെടുത്ത കാറാണ് പ്രതികള്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സാധാരണയായി ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കാറില്ല. നിയന്ത്രണം മറി കടന്ന് ബീച്ചിലെത്തിയ യുവാക്കള്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ വാഹനമോടിച്ച് കയറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അപകട സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നോയെന്ന് പരിശോധിക്കുന്നതിനായി പൊലീസ് രക്തസാംപിളുകള്‍ ശേഖരിച്ചു.