ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്സ്പ്രസിന്റെ 20 കോച്ചുകള്‍ പാളം തെറ്റി. പുലര്‍ച്ചെയോടെയാണ് സംഭവം. കാണ്‍പുറില്‍ നിന്ന് ഝാന്‍സിയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് കൂടിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
വരാണസിയില്‍ നിന്ന് അഹമ്മദാബാദിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന 19168 സബര്‍മതി എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടതെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരുക്കില്ലെന്നും റെയില്‍വെ അറിയിച്ചു. അഗ്നിരക്ഷ സേനയും ആംബുലന്‍സുകളും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
ട്രെയിന്‍ യാത്രക്കാര്‍ക്കായി റെയില്‍വേ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. അവിടെ നിന്ന് സ്പെഷല്‍ ട്രെയിനില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുമെന്നും റെയില്‍വേ അറിയിച്ചു. അതേസമയം, അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ പാളം തെറ്റലുകളില്‍ അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.