കൊല്‍ക്കത്തയില്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിന് ഇടയില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇനി മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു ക്രൂര കൃത്യം ചെയ്യാന്‍ ധൈര്യം വരാത്ത പാകത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം എന്ന് ഗാംഗുലി പഞ്ഞു. നേരത്തെ ഈ വിഷയത്തെ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ ഗാംഗുലി ശ്രമിച്ചതായി സമൂഹമാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ തള്ളിയാണ് ഇപ്പോള്‍ ഗാംഗുലിയുടെ വാക്കുകള്‍.
എങ്ങനെയാണ് എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് എന്ന് അറിയില്ല. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സിബിഐയും പൊലീസും അന്വേഷണം നടത്തുകയാണ്. കുറ്റവാളിയെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ കടുത്ത ശിക്ഷ ഉറപ്പാക്കുക എന്നതാണ് വേണ്ടത്. ഇത്തരത്തില്‍ ഒരു കുറ്റകൃത്യം ചെയ്യാന്‍ ഇനിയൊരാള്‍ക്കും ധൈര്യം വരാത്ത നിലയിലെ ശിക്ഷ നല്‍കണം. അതാണ് പ്രധാനപ്പെട്ട കാര്യം, ഗാംഗുലി പറഞ്ഞു.
അതിനിടെ വനിതാ ഡോക്ടര്‍മാരു ജോലി സമയം ക്രമീകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. 12 മണിക്കൂറായി ഡ്യൂട്ടിസമയം കുറയ്ക്കും. ഡോക്ടര്‍മാരുടെ രാത്രി ഡ്യൂട്ടിയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആശുപത്രികളിൽ വരുന്നവരിൽ സംശയം തോന്നുന്നവർക്ക് ബ്രെത്തലൈസര്‍ പരിശോധനകളടക്കം നടപടി സ്വീകരിക്കും.