Picture Credit: twitter.com/KumaarSaagar/twitter.com/Laltenwala_543

സഹപാഠിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ സംഘര്‍ഷം. ഭട്ടിയനി ചോട്ടയിലെ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയായ ദേവ്​രാജാണ് മരിച്ചത്. ഗൃഹപാഠം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ്  സഹപാഠി കുത്തിയത് . കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെയും  പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  കൊലപാതകത്തെ തുടര്‍ന്ന് ഉദയ്പൂരില്‍ ഹിന്ദു മുസ്ലീം സംഘര്‍ഷം  വ്യാപിക്കുകയാണ്.

ആക്രമണം നടക്കുന്നതിന്‍റെ തലേന്നാള്‍  ഗൃഹപാഠം പകര്‍ത്തിയെഴുതാന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട്  സഹപാഠികളായ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ദേവ്​രാജ് തന്‍റെ ഹോംവര്‍ക്ക് മറ്റൊരു വിദ്യാര്‍ഥിക്ക് എഴുതാന്‍ നല്‍കിയതാണ് പ്രകോപനം. തനിക്ക്  തരുന്നതിന് പകരം മറ്റൊരാള്‍ക്ക് നല്‍കിയെന്നാരോപിച്ചായിരുന്നു  ഇരുവരും തമ്മില്‍ തര്‍ക്കം. ഇതിനിടെ കയ്യില്‍ കരുതിയ കത്തികൊണ്ട് സുഹൃത്ത് കുത്തുകയായിരുന്നു. കുത്തേറ്റ ദേവ്​രാജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കേ  മരിച്ചു. 

കൊലപാതകത്തെ ചിലര്‍ ജാതീയമായി ചിത്രീകരിച്ചതോടെ ഗ്രാമത്തിലെ ഹിന്ദു മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ ചേരിതിരിഞ്ഞ് തെരുവില്‍ പ്രതിഷേധത്തിനിറങ്ങി.  പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞ മകനെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നാരോപിച്ച് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ ആശുപത്രിക്ക് മുന്നിലും പ്രതിഷേധിച്ചു. പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കാതെ മകന്‍റെ ശരീരം ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങില്ലെന്ന് മാതാപിതാക്കള്‍ പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.

കേസിലെ പ്രതിയായ വിദ്യാര്‍ഥിയെയും പിതാവിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വിദ്യാര്‍ഥി കത്തി കയ്യില്‍ കരുതിയത് മാതാപിതാക്കളുടെ അറിവോടെയാണോ എന്നറിയാനാണ് പ്രതിയുടെ പിതാവിനെയും പൊലീസ് ചോദ്യം ചെയ്യുന്നത്. അതേസമയം ഉദയ്പൂരില്‍ അക്രമത്തിനും കല്ലേറിനും  നേതൃത്വം നല്‍കിയ ഇരുപതോളംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു . സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സ്ഥലത്തെ ഇന്‍റര്‍നെറ്റ് സേവനവും വിച്ഛേദിച്ചു.

ENGLISH SUMMARY:

15-Year-Old Student Stabbed In Udaipur