കൊൽക്കത്തയിലെ ഡോക്ടറുടെ ബലാൽസംഗ കൊലയിൽ ആർജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ഏഴാംദിനവും സിബിഐ ചോദ്യംചെയ്യുന്നു. വിഷയത്തിൽ മൗനം വെടിഞ്ഞ അഭിഷേക് ബാനർജി ശക്തമായ നിയമനിർമാണം വേണമെന്ന് ആവശ്യപ്പെട്ടു. ഡൽഹി എയിംസ് ആശുപത്രിയിൽ രക്തം ദാനം ചെയ്താണ് റസിഡന്റ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്.
31കാരി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊന്ന കേസിന്റെ ചുരുളഴിക്കാൻ സിബിഐ. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വാട്സ്ആപ്പ് ചാറ്റുകൾ അക്കൗണ്ട് വിവരങ്ങൾ, വാഹനങ്ങൾ എന്നിവ സിബിഐ വിശദമായി പരിശോധിക്കുന്നു. 151 അംഗ CISF സംഘമാണ് മെഡിക്കൽ കോളജിന് നിലവിൽ സുരക്ഷയൊരുക്കുന്നത്. മെഡിക്കൽ കോളജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ. സുഭാഷിഷ് ചക്രബർത്തിയെ നിയമിച്ചു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് സന്ദീപ് ഘോഷിന് പകരം നിയമിച്ച സുഹ്രിത പോളിനേയും പ്രിൻസിപ്പൽ പദവിയിൽനിന്ന് സർക്കാർ നീക്കിയിരുന്നു. വിഷയത്തില്‍ തൃണമൂല്‍ എം.പി. അഭിഷേക് ബാനര്‍ജി മൗനം വെടിഞ്ഞു. ബലാൽസംഗ കൊലയിൽ സമരംനടക്കുമ്പോള്‍ തന്നെ രാജ്യത്താകമാനം 900 പീഡനങ്ങള്‍ നടന്നു. അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം വേണം. സംസ്ഥാന സര്‍ക്കാരുകള്‍ സമ്മര്‍ദം ചെലുത്തണമെന്നും അഭിഷേക്. ഡൽഹിയിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം പൂർണമാണ്. രക്തം ദാനം ചെയ്താണ് എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ പ്രതിഷേധിച്ചത്.