കേന്ദ്ര മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിൽ ഗൗണും തൊപ്പിയും വേണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദ്ദേശം. പ്രധാനമന്ത്രിയുടെ ആഹ്വാനമുൾക്കൊണ്ടാണ് തീരുമാനം.
ബിരുദ ദാന ചടങ്ങുകളിൽ ബിരുദം നൽകുന്നവരും സ്വീകരിക്കുന്നവരും കറുത്ത ഗൗണും തൊപ്പിയും ധരിക്കുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ തുടങ്ങിവച്ചതാണ്. ആ കൊളോണിയൽ പാരമ്പര്യരീതിക്ക് മാറ്റമിടാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യസ്ഥാപനങ്ങൾ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകല്‍പ്പന ചെയ്യണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. എയിംസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഈ നിർദ്ദേശം നൽകി കത്തയച്ചു. കൊളോണിയൽ സ്വാധീനം ഇല്ലാതാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പഞ്ചപ്രാൺ പ്രതിജ്ഞയനുസരിച്ചാണ് നിർദേശമെന്നും കത്തിൽ പറയുന്നു.
2019 ൽ യു ജി സി സമാനമായ നിർദ്ദേശം നൽകിയിരുന്നു, പിന്നീട് കൈത്തറി വസ്ത്രങ്ങൾ എന്ന് തിരുത്തി പിൻവാങ്ങി. പുതിയ നിർദ്ദേശം എത്ര സ്ഥാപനങ്ങൾ നടപ്പാക്കുമെന്ന് കണ്ടറിയാം