കൊല്‍കത്ത പീഡനക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനയായ പശ്ചിം ബംഗാ ഛാത്ര സമാജ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നാളെ ബംഗാളില്‍ 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു
കൊല്‍ക്കത്തയുടെ വിവധ ഭാഗങ്ങളില്‍നിന്നായി ഉച്ചയോടെയാണ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് തുടങ്ങിയത്. ത്രിവര്‍ണ പതാകയുമായി സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ വിദ്യാര്‍ഥികള്‍ ഹൗറ പാലത്തിന് സമീപം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പിന്നാലെ സാന്ദ്രഗച്ചി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കൊല്‍കത്തയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ബലംപ്രയോഗിച്ചാണ് പലരെയും പൊലീസ് നീക്കിയത്. സമരക്കാരെ തടയാന് ബാരിക്കേഡുകള്‍ക്കുപുറമെ കണ്ടെയ്നറുകളും റോഡിന് കുറുകെയിട്ടിരുന്നു.
സമാധാനപരമായ പ്രതിഷേധത്തിനു നേരെ പൊലീസ് അതിക്രമം നടത്തുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. കൊല്‍ക്കത്ത സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ കുറ്റപ്പെടുത്തി.
അതേസമയം വിദ്യാര്‍ഥി മാര്‍ച്ചിന് പിന്നില്‍ ബി.ജെ.പിയാണെന്നും കലാപം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു.