മഴ ശക്തമായി തുടരുന്ന ഗുജറാത്തില്‍ പലയിടത്തും വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം ദുരിതത്തിലായി. വഡോദരയില്‍ പ്രളയ സമാന സാഹചര്യമാണ്. രാജസ്ഥാനിലെ നിബോര്‍ നദിയില്‍ ട്രക്ക് ഒഴികിപ്പോയി.
സൗരാഷ്ട്രയിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വഡോദരയില്‍ പ്രളയസമാന സാഹചര്യം. പത്ത് ഡാമുകള്‍ തുറന്നു. ഇരുപത്തയ്യായിരത്തോളം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രാജ്കോട്ട്, ആനന്ദ്, മോര്‍ബി എന്നിവിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. എന്‍ഡിആര്‍എഫിന്‍റെ 14 യൂണിറ്റുകളാണ് രംഗത്തുള്ളത്. പല ജില്ലകളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പലയിടത്തും റോഡ്, റെയില്‍ ഗതാഗതം താറുമാറായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. മഴക്കെടുതിയില്‍ ഗുജറാത്തില്‍ ഇതുവരെ 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജസ്ഥാനിലെ ബന്‍സ്വരയിലെ നിബോല്‍ നദിയില്‍ ട്രക്ക് ഒഴുകിപ്പോയി. ട്രക്കിലുണ്ടായിരുന്നവര്‍ നീന്തിരക്ഷപ്പെട്ടു. ഉത്താരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് മസൂറി– കെംപ്റ്റി റോഡ് ഇടിഞ്ഞുതാഴ്ന്നു. ഡല്‍ഹിയില്‍ രാവിലെ പെയ്ത മഴയില്‍ കനത്ത വെള്ളക്കെട്ടുണ്ടായി. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍റെ കിഴക്കന്‍ മേഖലയ്ക്കും സൗരാഷ്ട്ര മേഖലയ്ക്കും ഇടയില്‍ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണം.