രാജ്യസഭയിൽ ഭൂരിപക്ഷം നേടി എൻഡിഎ. രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന 12 സീറ്റിൽ 11 ലും വിജയിച്ചതോടെയാണ് രാജ്യസഭയിലും എൻഡിഎ ഭൂരിപക്ഷത്തിലെത്തുന്നത്. മത്സരിച്ച എല്ലാ സ്ഥാനാർഥികളും ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. 245 അംഗ സഭയിൽ എട്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ 237 അംഗ സഭയാണ് നിലവിലുള്ളത്. 

ജമ്മുകാശ്മീരിൽ നിന്നുള്ളതും നോമിനേറ്റ‍് ചെയ്യേണ്ടതുമായ നാല് വീതം സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. നിലവിൽ ബിജെപിക്ക് 96 അംഗങ്ങളാണുള്ളത്. തിരഞ്ഞെടുപ്പിന് മുൻപ് എൻഡിഎയ്ക്ക് 103 അം​ഗങ്ങളുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. പുതിയ അം​ഗങ്ങളെ ലഭിച്ചതോടെ ഇത് 114 ആയി ഉയരും. ആറ് നോമിനേറ്റഡ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെ 119 എന്ന മാജിക് സംഖ്യ മറികടക്കാൻ എൻഡിഎയ്ക്ക് സാധിക്കും. ഇതോടെ പുറത്ത് നിന്നുള്ള പിന്തുണയില്ലാതെ ഏത് ബില്ലും പാസാക്കിയെടുക്കാൻ ഭരണകക്ഷിക്കാകും. 

രണ്ടാം മോദി സർക്കാറിൻറെ കാലത്ത് 11 അംഗങ്ങളുള്ള വൈഎസ്ആർ കോൺഗ്രസ്, എട്ട് അംഗങ്ങളുള്ള ബിജെഡി, നാലു പേരുള്ള അണ്ണാ ഡിഎംകെ എന്നിവരാണ് രാജ്യസഭയിൽ സഹായിച്ചത്. 

തെലുങ്കാനയിൽ നിന്ന് ജയിച്ച കോൺഗ്രസിൻറെ മനു അഭിഷേക് സിങ്‍വി മാത്രമാണ് പ്രതിപക്ഷ നിരയിലെ വിജയം. ഇതോടെ കോൺ​ഗ്രസിന്റെ അം​ഗസംഖ്യ 27 ആയി ഉയർന്നു. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാന നിലനിർത്താനുള്ള അം​ഗ സംഖ്യയേക്കാൾ രണ്ട് അം​ഗങ്ങൾ മാത്രമാണ് കോൺ​ഗ്രസിനുള്ളത്. അതേസമയം പ്രതിപക്ഷ നിരയുടെ എണ്ണം 85 ആയി ഉയർന്നു. 96 അം​ഗങ്ങളുടെ ബിജെപിയാണ് സഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷി. 

12 ൽ പത്ത് സീറ്റും അം​ഗങ്ങൾ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയുണ്ടായ ഒഴിവുകളാണ്. തെലങ്കാനയിൽ ബിആർഎസ് നേതാവ് കേശവ് റാവു കോൺ​ഗ്രസിൽ ചേർന്നതിലൂടെയും ഒഡിഷയിൽ ബിജെഡിയുടെ മംമ്ത മോഹന്ത ബിജെപിയിൽ ചേർന്നതിലൂടെയും വന്നതാണ് മറ്റ് ഒഴിവുകൾ. 

ENGLISH SUMMARY:

NDA get majority in rajyasabha