ഇന്ത്യന്‍ പൊതുസമൂഹത്തിന്‍റെ മനോഭാവങ്ങളില്‍ കാര്യമായ മാറ്റം വരേണ്ടതുണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇന്ത്യന്‍ പുരുഷന്മാര്‍ക്കെന്തോ ചെറിയ കുഴപ്പമുണ്ട്, അതാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്‍റെ പരാമര്‍ശം.

മലയാള സിനിമയിലെ നിലവിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കൃത്യമായ ഇടപെടലുണ്ടാകണമെന്ന്  തരൂര്‍ പറഞ്ഞു. സിനിമാലോകത്തെ ഒട്ടനവധി പ്രശ്നങ്ങള്‍ പുറത്തുവരികയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മോശം പെരുമാറ്റങ്ങളുമാണ് അധികവും. 2012ല്‍ നിര്‍ഭയയില്‍ തുടങ്ങി 2024ല്‍ ആര്‍.ജി. കര്‍ ആശുപത്രിയിലെ ഡോക്ടര്‍ ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവം വരെ, ഏതാണ്ട് ഒരു വ്യാഴവട്ടക്കാലമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല.

എല്ലാ ദിവസവും പത്രമെടുത്താല്‍ ഇത്തരമൊരു വാര്‍ത്തയെങ്കിലും കാണും. കോളജ് വിദ്യാര്‍ഥിനി, ചെറിയ കുട്ടി, മധ്യവയസ്ക തുടങ്ങി സ്ത്രീസമൂഹം വ്യാപകമായി അതിക്രമത്തിന് ഇരയാകുന്നു. എന്താണ് ഇതിനു പിന്നില്‍? ഈ വിഷയം കൃത്യമായി ചൂണ്ടിക്കാട്ടപ്പെടുന്നില്ലെങ്കില്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.

മലയാള സിനിമ മേഖലയില്‍ നിന്ന് അനുദിനം പുറത്തുവരുന്ന ലൈംഗിക ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഒരു മാറ്റത്തിലേക്കുള്ള നീക്കം അത് കേരളത്തില്‍ നിന്ന് തുടങ്ങുന്നു എന്നതില്‍ സന്തോഷമുണ്ട്. മറ്റ് ഭാഷകളിലും സമാനമാണ് സ്ഥിതി. എന്നാല്‍ ആദ്യം ‘ഇത് തെറ്റാണ്’ എന്ന് വിരല്‍ചൂണ്ടി പറയാന്‍ മലയാള സിനിമ കാണിക്കുന്ന തന്‍റേടം അഭിമാനര്‍ഹമാണ്.

തൊഴിലിടത്തെ ഇത്തരം മോശം പ്രവണതകള്‍ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. വഴങ്ങിക്കൊടുക്കാത്ത സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നുണ്ട്. ഇതൊരിക്കലും അംഗീകരിക്കാവുന്നതല്ല. തൊഴിലിടത്ത് അതൊരു സിനിമ സെറ്റാണെങ്കിലും ആശുപത്രിയാണെങ്കിലും സ്ത്രീകള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഉത്തരവാദിത്വമാണ്. ശുചിമുറിയോ വിശ്രമമുറിയോ എന്തുതന്നെയാണെങ്കിലും അവര്‍ക്ക് സുരക്ഷിതമായ സംവിധാനമായിരിക്കണം.

നിര്‍ഭയ സംഭവത്തിനു തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും തരൂര്‍ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. സ്കൂള്‍ക്കാലം മുതല്‍ എന്താണ് സ്ത്രീ, അല്ലെങ്കില്‍ ലിംഗപരമായ വ്യത്യാസം എന്താണ് എന്ന് കുട്ടികളെ ബോധവത്കരിക്കണം. അങ്ങനെയെന്തെങ്കിലും നടപ്പിലായെങ്കില്‍ മാത്രമേ ഈ സ്ഥിതിവിശേഷണത്തിന് മാറ്റമുണ്ടാകൂ. അല്ലെങ്കില്‍ ഒന്നിനു പിറകേ ഒന്നായി ഓരോ ദുരനുഭവങ്ങള്‍ സമൂഹത്തിന് നേരിടേണ്ടി വരും. 

ഓരോ വാര്‍ത്ത കേള്‍ക്കുമ്പോഴും ആദ്യം ഒരു ഭയം ജനിക്കും പതിയെ ആ ഭയം കുറഞ്ഞുവരും, പിന്നീട് അത് മറക്കും. മറ്റൊരു ദുരന്തവാര്‍ത്തയിലേക്ക് നമ്മള്‍ നീങ്ങും. ഇങ്ങനെ മുന്നോട്ടുപോയിട്ട് എന്താണ് പ്രയോജനം? കൃത്യമായ നടപടികളാണ് വേണ്ടത്. സ്ത്രീകള്‍ക്ക് പരാതികള്‍ ഉന്നയിക്കാന്‍ വേണ്ടി സ്വതന്ത്ര്യമായ ഒരു സംവിധാനം ആവശ്യമാണ്. ജോലി, പണം, അവസരം തുടങ്ങി അത്രയും പ്രധാന്യമുള്ള ഒന്നിനുവേണ്ടി പ്രയത്നിക്കുന്ന സ്ത്രീകളാണ് ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരായാകുന്നത്. തലമുറകളായി സിനിമ രംഗത്ത് അതാണ് നടക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാവുന്നതല്ല എന്നും തരൂര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

‘There must be something wrong with Indian men’, says Congress MP Shashi Tharoor on light of increasing sexual assault cases in the country and film field.