കർഷകരില്ലെങ്കിൽ രാജ്യമില്ലെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിലെ കർഷക സമരവേദിയിലെത്തി വിനേഷ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രണ്ടാം കർഷക സമരം തുടങ്ങിയിട്ട് ഇരുന്നൂറാം ദിവസമാണ് ഇന്ന്. പാടത്ത് പണിയെടുത്ത് വിളവുനൽകേണ്ട കർഷകർ രാപകൽ സമരമിരിക്കുന്നുവെങ്കിൽ അവരെ കേൾക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് വിനേഷ് ഫോഗട്ട്. വിളകൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നത് നടപ്പാക്കാൻ എന്തുകൊണ്ടാണ് ഇതുവരെ സാധിക്കാത്തതെന്നും ഗുസ്തി താരത്തിന്റെ ചോദ്യം. കർഷകർ തെരുവിൽ സമരം ചെയ്താൽ രാജ്യം പുരോഗതിയിലേക്ക് പോകില്ല. 200  ദിവസമായി കർഷകർ തെരുവിൽ സമരം ചെയ്യുന്നുവെന്നത് ഏറെ വേദനാജനകമെന്നും വിനേഷ്. 

ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് വിവിധ കർഷക സംഘടനകളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ആരാലും തിരിഞ്ഞുനോക്കാനില്ലാതിരുന്ന ഗുസ്തി താരങ്ങൾക്കൊപ്പം മുൻപിൻ നോക്കാതെ കർഷകർ അണിനിരന്നതോടെയാണ് ഗുസ്തി താരങ്ങളുടെ വേദന രാജ്യമറിഞ്ഞത്. 

ENGLISH SUMMARY:

Vinesh Phogat reached the farmer's protest site and declared solidarity