ഹയർ സെക്കൻഡറി ബോർഡിന് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഡല്‍ഹി സര്‍വകലാശാല. പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ എന്ന് രേഖപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണം. ഡിയുവിലെ കോളജുകളിൽ ബിരുദപഠനം സ്വപ്നം കണ്ടിരുന്ന നിരവധി മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.  കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന് അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ ഉള്‍പ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയിലെ ചില കോളജുകളില്‍ പ്രവേശനം നിഷേധിക്കുന്നത്. ആദ്യഘട്ട അലോട്ട്മെന്റിലാണ് കേരള ബോർഡിന് അംഗീകാരമില്ലെന്നുകാട്ടി ചില കോളജുകൾ പ്രവേശനം തടഞ്ഞത്. 

രാജ്യത്തെ സ്കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എജ്യൂക്കേഷന്റെ വെബ്സൈറ്റിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പേരുകളിലെ ഈ വ്യത്യാസമാണ‌് പ്രവേശനം നിഷേധിക്കാൻ കാരണം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽനിന്നു ഡിയു അധികൃതർക്ക് ബോർഡിന്റെ വിഷയം വിശദീകരിച്ച് കുറിപ്പ് നല്‍കിയാല്‍ ആശയക്കുഴപ്പം പരിഹരിക്കപ്പെടും.  കേരളത്തിൽ 10ലും 12ലും വ്യത്യസ്ത ബോർഡുകളാണെന്നതും ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിന് ഏകജാലക സംവിധാനമുണ്ടെങ്കിലും അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളാണ് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റും രേഖകളും പരിശോധിച്ച് പ്രവേശനം അന്തിമമാക്കുന്നത്. 

ENGLISH SUMMARY:

Admission issue in Delhi University for Malayali students