TOPICS COVERED

മണിപ്പുര്‍ വീണ്ടും കത്തുന്നു. തലസ്ഥാനമായ ഇംഫാലിലും കുക്കി മേഖലകളിലും വന്‍ സംഘര്‍ഷം. തൗബലില്‍ ജില്ലാ കലക്ടറുടെ ഓഫിസിലെ ദേശീയപതാക അഴിച്ചുമാറ്റി മെയ്തെയ് പതാക ഉയര്‍ത്തി. കുക്കി വിഭാഗക്കാരനായ വിമുക്ത ഭടന്‍ കൊല്ലപ്പെട്ടു. രാജ്ഭവനുനേരെ കല്ലേറുണ്ടായി.

തൗബല്‍ കലക്ടറേറ്റില്‍നിന്ന് ദേശീയപതാക അഴിച്ചുമാറ്റി മെയ്തെയ് പതാകയും കരിങ്കൊടിയും ഉയര്‍ത്തുമ്പോള്‍ ഹര്‍ഷാരവം മുഴക്കുന്ന പ്രതിഷേധക്കാര്‍, മണിപ്പൂരിന്‍റെ മാറുന്ന ചിത്രം വ്യക്തമാക്കുന്നു. തീവ്ര കുക്കിസംഘടനകള്‍ താഴ്‌വരയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനെതിരായ പ്രതിഷേധമാണ് അതിരുവിട്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധമാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. രാജ്ഭവന് നേരെ കല്ലെറിഞ്ഞ വിദ്യാര്‍ഥികള്‍ പൊലീസിന് വന്‍ വെല്ലുവിളി ഉയര്‍ത്തി.

സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങള്‍ അടച്ചെങ്കിലും പ്രതിഷേധക്കാരില്‍ ഏറെയും ഹൈസ്കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ്. സിആര്‍പിഎഫ് വാഹനത്തെയും വിദ്യാര്‍ഥികള്‍ ആക്രമിച്ചു. കാങ്പോക്പി സ്വദേശിയായ കുക്കി വിമുക്ത ഭടനെ ഇംഫാൽ വെസ്റ്റിൽ മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തങ്ങ്ബുഹ് ഗ്രാമത്തില്‍ ബോംബ് സ്ഫോടനത്തില്‍ കുക്കി സ്ത്രീ കൊല്ലപ്പെട്ടു.

മാവോയിസ്റ്റുകളെയെന്ന പോലെ തീവ്ര കുക്കി സംഘടനകളെ കൈകാര്യം ചെയ്യാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് ഗവർണർ എല്‍.ആചാര്യയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Manipur CM Biren Singh calls for targeted move on militant camps