സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇനി ജ്വലിക്കുന്ന ഓര്‍മ. സി.പി.എം ദേശീയ ആസ്ഥാനമായ എ.കെ.ജി. ഭവനിൽനിന്ന് വിലാപയാത്രയായി മൃതദേഹം എയിംസിന് വിട്ടു നൽകി. രാജ്യത്തെ രാഷ്ട്രീയ, സാമൂഹ്യ നേതൃത്വ മുൾപ്പെടെ ആയിരങ്ങൾ യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
പാർട്ടി ആസ്ഥാനത്തുനിന്ന് ഒടുവിലായി മടങ്ങുന്ന പ്രിയപ്പെട്ട സഖാവിനെ അവർ യാത്രയാക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങൾ, യെച്ചൂരിക്കൊപ്പം പ്രവർത്തിച്ച നേതാക്കൾ അന്ത്യാഭിവാദ്യം നൽകി. ഡിയർ കോമ്രേഡ് ഇനി തിരിച്ചുവരില്ലെന്ന വേദനയോടെ.
അരനൂറ്റാണ്ട് ജീവിതത്തിന്റെ ഭാഗമായ എ.കെ.ജി. ഭവന്റെ മുറ്റത്തുനിന്ന് സഹപ്രവര്‍ത്തകരുടെ കൈകളിൽ യെച്ചൂരി മടങ്ങി. വിലാപ യാത്രയായി. മുതിർന്ന നേതാക്കൾ സഖാവിനെ അവസാനമായി അനുഗമിച്ചു. അശോക റോഡിലൂടെ ജനസഞ്ചയം ഒഴുകി. യെച്ചൂരിയുടെ ആഗ്രഹമനുസരിച്ച് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് കൈമാറി.
രാവിലെ വസന്ത് കുഞ്ചിലെ വീട്ടിൽനിന്ന് എകെജി ഭവനിലെത്തിച്ച് പൊതുദർശനത്തിനുവച്ചപ്പോൾത്തന്നെ അന്ത്യോപചാരമര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നീണ്ടനിരയുണ്ടായിരുന്നു. നിറകണ്ണുകളോടെ ആയിരങ്ങൾ വിടചൊല്ലി.
ഇന്ത്യ സഖ്യത്തിന്റെ അണിയറശില്‍പികളില്‍ പ്രധാനിയെ കാണാന്‍ സോണിയാഗാന്ധിയെത്തി. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ശരദ്പവാര്‍, അഖിലേഷ് യാദവ്, കനിമൊഴി, ഉദയനിധി സ്റ്റാലിൻ, മനീഷ് സിസോദിയ തുടങ്ങി രാജ്യത്തെ രാഷ്ട്രീയ നേത്യനിര യെച്ചൂരിയെ അവസാനമായി കാണാനെത്തി. രാജ്യാന്തര പ്രതിനിധികളും അന്ത്യാഞ്ജലിയര്‍പ്പിച്ചു.