TOPICS COVERED

ബംഗാളിലെ ഡോക്ടറുടെ കൊലപാതകം അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന് CBI. പ്രതിയെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നു. ആശുപത്രി അഡ്മിൻ  പോലീസുകാരുമായി ഒത്തുകളിച്ചു എന്നുമാണ് സിബിഐ കണ്ടെത്തൽ. അതേസമയം പ്രതിഷേധം  അവസാനിപ്പിക്കുന്നതിൽ ഡോക്ടർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന്  TMC ആരോപിച്ചു.

കൊൽക്കത്ത ആർ.ജി. കാർ ആശുപത്രിയിലെ പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ  പൊലീസ് ശ്രമിക്കുന്നു എന്ന ആരോപണം ആദ്യ ഘട്ടത്തിലെ ഉയർന്നതാണ്. അത് ഉറപ്പിക്കുകയാണ് CBI. മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയും  സംഭവ സമയത്തെ വസ്ത്രങ്ങൾ ശേഖരിക്കുന്നത് വൈകിപ്പിച്ചും പൊലീസ്  പ്രതിയെ സംരക്ഷിക്കാൻ  ശ്രമിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ചു.  തെറ്റായ രേഖകൾ നൽകി.ആശുപത്രി അഡ്മിൻ  പോലീസുകാരുമായി ഒത്തുകളിച്ചു.വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന കുടുംബത്തിൻറെ ആവശ്യം പരിഗണിച്ചില്ല എന്നും CBI പറയുന്നു.  

അതേസമയം മമത ബാനർജി ചർച്ച നടത്തി ഉറപ്പുകൾ നൽകിയിട്ടും ഡോക്ടർമാർ സമരം തുടരുകയാണ്.  സമരം അവസാനിപ്പിക്കുന്നതിൽ ഡോക്ടർമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് TMC നേതാവ് കുനാൽ ഘോഷിന്‍റെ പ്രതികരണം. ഇതിനിടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കുള്ള നിർദേശങ്ങൾക്കായി രൂപീകരിച്ച ദേശീയ കർമ സമിതിയിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നേഴ്സസ്‌ അസോസിയേഷൻ  പ്രസിഡന്റ് ജാസ്മിൻഷാ സുപ്രീം കോടതിയെ സമീപിച്ചു.  ഡോക്ടർ കൊല്ലപ്പെട്ടതിൽ  സുപ്രീം കോടതി സ്വമേധയ എടുത്ത കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷയിലാണ് UNAയുടെ  ആവശ്യം.   

ENGLISH SUMMARY:

CBI says police tried to sabotage Bengal doctor's murder