അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ തുടങ്ങി ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ചെന്നെത്തി നില്‍ക്കുകയാണ് അതിഷിയുടെ രാഷ്ട്രീയയാത്ര. ഡല്‍ഹി സര്‍ക്കാരിന്റെ സുപ്രധാന നേട്ടമായ വിദ്യാഭ്യാസ പരിഷ്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അതിഷി മുഖ്യമന്ത്രി കസേരയില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.
ഡല്‍ഹി സെന്ററ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദവും ഓക്സ്ഫഡില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അതിഷിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് യാദൃശ്ചികമാണ്. അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ എന്ന പ്രസ്ഥാനം അതിന് നിമിത്തമായി. ഹസാരെയില്‍ നിന്ന് വഴിപിരിഞ്ഞ് അരവിന്ദ് കേജ്‌രിവാള്‍ എ.എ.പി രൂപീകരിച്ചപ്പോള്‍ അതിഷിയും ഒപ്പംചേര്‍ന്നു. 2013ല്‍ എഎപി നയരൂപീകരണത്തില്‍ പങ്കാളിയായി സജീവ രാഷ്ട്രീയത്തിലേക്ക്. അന്ന് മുതല്‍ 2018വരെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായി പ്രവര്‍ത്തിച്ചത് അതിഷിയുടെ അനുഭവപരിചയത്തില്‍ കരുത്തായി. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ഹിയെങ്കിലും കന്നിയങ്കത്തില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ ഗൗതം ഗംഭീറിനോട് പരാജയപ്പെട്ടു. ഏകോപനത്തിലെ അതിഷിയുടെ കഴിവ് തിരിച്ചറിഞ്ഞ കെജ്രിവാള്‍ വിശ്വസ്തയെ 2020ല്‍ ഗോവ തിരഞ്ഞെടുപ്പിന്‍റെ ചുമതല ഏല്‍പിച്ചു.തൊട്ട് പിന്നാലെ വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് അതിഷി നിയമസഭയിലെത്തിയതോടെ പാര്‍ട്ടിയിലെ ശക്തമായ വനിത ശബ്ദമായി. മദ്യ നയ അഴിമതി കേസില്‍ ഒന്നിന് പുറകെ ഒന്നായി പ്രധാന നേതാക്കള്‍ ജയിലായപ്പോള്‍ അതിഷിയിലേക്ക് കാര്യങ്ങള്‍ വന്നെത്തി. 2023 മാര്‍ച്ചില്‍ മനീഷ് സിസോദിയയയും സത്യേന്ജ്ര ജെയിനും രാജിവച്ചതോടെ അതിഷി ധനം, വിദ്യാഭ്യാസം, pwd ജലം അടക്കം ഒരു കൂട്ടം വകുപ്പുകളുമായി മന്ത്രി സഭയിലെത്തി. കെജ്രിവാഴ്‍ ജയിലിലായപ്പോള്‍ െ മറ്റ് മുതിര്‍ന്ന നേതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നിലപാടുകള്‍ ഉയര്‍ത്തി അതിഷി മുന്നില്‍ നിന്നു. അതിനുള്ള പ്രതിഫലം തന്നെയാണ് കുറഞ്ഞ നാളത്തേങ്കിലും ലഭിച്ച മുഖ്യമന്ത്രി പദം