ആഗ്ര– വാരണാസി വന്ദേഭാരത് എക്സ്പ്രസിന് പച്ചക്കൊടി വീശവേ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുവീണ് ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശിലെ ഇത്താവാ മണ്ഡലം എം.എല്‍.എ സരിത ബാഗ്ദുരിയയാണ് ആള്‍ക്കൂട്ടത്തിനിടെ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുവീണത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

പ്രധാനമന്ത്രി ഓണ്‍ലൈനായി ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം നിര്‍വഹിച്ചതിനു പിന്നാലെയാണ് സംഭവം. 20175 എന്ന വന്ദേഭാരത് ട്രെയിനിന് പച്ചക്കൊടി വീശിയത് റെയില്‍വേ മന്ത്രി റവ്നീത് സിങ് ബിട്ടുവായിരുന്നു. അതിനിടെ എം.എല്‍.എ സരിതയടക്കം ചിലരുടെ കയ്യിലും പച്ചക്കൊടി കാണാം. കൊടി വീശിയതിനു പിന്നാലെ തിക്കിലും തിരക്കിലുംപെട്ട് എം.എല്‍.എ ട്രാക്കിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ട്രെയിന്‍ പുറപ്പെടും മുന്‍പ് ഹോണ്‍ അടിക്കവേ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന അണികള്‍ ബഹളം കൂട്ടിയതാണ് കാരണം. 

കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്താനായത് വലിയ അപകടമാണ് ഒഴിവാക്കിയത്. തലനാരിഴയ്ക്കാണ് എം.എല്‍.എ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഇടപെട്ട് എം.എല്‍.എയെ ട്രാക്കിനു വെളിയിലെടുത്തു. വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങ് കഴിയുംവരെ വേദിയിലുണ്ടായിരുന്ന എം.എല്‍.എ ഇതിനുശേഷം ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ് എം.എല്‍.എ എന്നാണ് വിവരം.

ENGLISH SUMMARY:

The flag-off ceremony for the Agra-Varanasi Vande Bharat Express faced chaos due to heavy rush, and BJP's Etawah Sadar MLA, Sarita Bhadoria, fell in front of the train.