ക്രൂഡ് ഓയിൽ വിലയിൽ കാര്യമായ ഇടിവുണ്ടായിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം. കേന്ദ്രം എണ്ണ കൊള്ള തുടരുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം വില വർധനവിനെ തള്ളികളയുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. രാജ്യാന്ത എണ്ണ വില കുറഞ്ഞിട്ടും എന്തുകൊണ്ടാണ് പെട്രോൾ വില കുറയ്ക്കാത്തതെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രെയിൻ ചോദിച്ചു.
2014 ലെ ക്രൂഡ് ഓയിൽ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താണ് കോൺഗ്രസ് അധ്യക്ഷൻ വിമർശനം. ഇതുവരെ ക്രൂഡ് ഓയിൽ വിലയിൽ 32.50 ശതമാനത്തിൻറെ കുറവ് വന്നു. എന്നാൽ ബിജെപി സർക്കാർ കൊള്ള തുടരുകയാണ്. 2014 മേയ് 16 ന് 107.49 ഡോളറായിരുന്നു ഒരു ബാരൽ ക്രൂഡ് ഓയിലിൻറെ വില. അന്ന് ഡൽഹിയിൽ 71.51 രൂപയ്ക്ക് പെട്രോളും 57.28 രൂപയ്ക്ക് ഡീസലും നൽകി. 2024 സെപ്റ്റംബർ16 ന് ക്രൂഡ് ഓയിൽ വില ബാരലിന് 72.48 ഡോളറായി കറഞ്ഞു. ഇന്ന് പെട്രോൾ വില 94.72 രൂപയും ഡീസലിന് 87.62 രൂപുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ക്രൂഡ് ഓയിൽ വില പ്രകാരം പെട്രോളിന് 48.27 രൂപയും ഡീസലിന് 69 രൂപയുമാണ് വില വരുന്നതെന്നും മല്ലികാർജുൻ ഖർെ പറഞ്ഞു. ബിജെപി സർക്കാർ 35 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയായി ഈടാക്കിയതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 10 വർഷത്തിനിടെ ക്രൂഡ് ഓയിൽ വില 24 ശതമാനം കുറഞ്ഞിട്ടും ഇന്ത്യയിൽ എണ്ണ വില 30 ശതമാനമാണ് വർധിച്ചത്. ക്രൂഡ് ഓയിൽ വില കുറയുമ്പോഴുള്ള ലാഭം എണ്ണ കമ്പനികൾ ജനങ്ങളിലേക്ക് കൈമാറുന്നില്ലെന്നും ഡെറിക് ഒബ്രെയിനും വിമർശിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച, 2021 ഡിസംബറിന് ശേഷം ആദ്യമായി ബ്രെൻഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴേക്ക് എത്തിയിരുന്നു. ആഗോള സമ്പദ്‍വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളർച്ചയും ഡിമാൻറ് ഇടിഞ്ഞതും വിലയെ സ്വാധീനിച്ചു. നിലവിൽ 72.22 ഡോളറിലാണ് ബ്രെൻഡ് ക്രൂഡ് വ്യാപാരം നടക്കുന്നത്. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന സാധ്യത ഉയർന്നതോടെ ഡിമാൻറ് വർധിക്കമെന്ന പ്രതീക്ഷയിൽ എണ്ണവില നേരിയ നേട്ടമുണ്ടാക്കിയത്.