പുണെയില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്ന  കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്‍റെ മരണം അമിത ജോലിഭാരത്തെ തുടർന്നാണെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രതൊഴില്‍ മന്ത്രി  ശോഭ കരന്തലജെ. അതേസമയം, സംഭവം അതീവ ദാരുണമാണെന്നും കമ്പനിയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമെന്നും കൺസൾട്ടൻസി സ്ഥാപനമായ ഏണ്‍സ്റ്റ് & യങ് പ്രതികരിച്ചു.  ഇത്തരത്തിൽ ഒന്ന് സംഭവിക്കാൻ പാടില്ലായിരുന്നു. അന്നയുടെ കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്നും കമ്പനി വ്യക്തമാക്കി

അന്ന സെബാസ്റ്റ്യന്‍റെ അമ്മ അനിത അഗസ്റ്റിൻ കമ്പനിക്ക് അയച്ച വൈകാരികമായ കത്ത് വലിയ ചർച്ചയായതിന് പിന്നാലെ ആണ് ഏണ്‍സ്റ്റ് & യങിന്‍റെ പ്രതികരണം. പുണെ ക്യാംപസിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലിയിൽ കയറിയ 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 21ന് മരിച്ചത്. അന്നയുടെ അമ്മയുടെ കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ.. 'മികച്ചൊരു കരിയര്‍ പ്രതീക്ഷിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കി ഈ വര്‍ഷം മാര്‍ച്ചില്‍ അന്ന സെബാസ്റ്റ്യന്‍ പുണെയിലെ ഏണ്‍സ്റ്റ് & യങ് (ഇ.വൈ) കമ്പനിയില്‍ എക്സിക്യൂട്ടിവ് ആയി ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ വൈകാതെ ആ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. തന്‍റെ ജോലിക്ക് പുറമേ അനൗദ്യോഗികമായി അധികജോലി അന്നയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു. 

അവധിദിവസങ്ങളില്‍ പോലും വാക്കാല്‍ നിരവധി അസൈന്‍മെന്‍റുകള്‍ നല്‍കി. ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുന്ന സമയത്ത് മാനേജര്‍മാര്‍ ആ സമയത്തെ ജോലി  മാറ്റി നല്‍കി മകളെ സമ്മര്‍ദത്തിലാക്കി. അമിത ജോലിഭാരം കടുത്ത മാനസിക സമ്മര്‍ദത്തിലേക്കും ഉറക്കമില്ലാത്ത അവസ്ഥയിലേക്കും എത്തിച്ചു. മകള്‍ക്ക് ഇനി ഈ മാനേജര്‍മാരുടെ കീഴില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരു ഓഫിസ് പാര്‍‌ട്ടിയില്‍വെച്ച് മുതിര്‍ന്ന ഒരു ടീം ലീഡര്‍ അന്നയെ കളിയാക്കി. ഈ  ജോലി സംസ്കാരമാണ് തന്‍റെ മകളുടെ ആരോഗ്യം ക്ഷയിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഇനി ആര്‍ക്കും തന്‍റെ മകള്‍ക്ക് സംഭവിച്ചത് പോലെ ഉണ്ടാകാന്‍ പാടില്ലെന്നും അനിത കത്തില്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

The central government has announced an inquiry into a mother’s complaint that her daughter died due to workload. The mother, a native of Kochi, alleged that her daughter suffered a heart attack because of work pressure at Ernst & Young