TOPICS COVERED

അമിത ജോലിഭാരത്തെ തുടർന്ന് പുണെയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയിരുന്ന കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യൻ മരണത്തിന് കീഴടങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി. സംഭവം അതീവ ദാരുണമാണെന്നും കമ്പനിയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമെന്നും കൺസൾട്ടൻസി സ്ഥാപനമായ ഏണ്‍സ്റ്റ് & യംഗ് പ്രതികരിച്ചു.

അന്ന സെബാസ്റ്റ്യന്‍റെ അമ്മ അനിത അഗസ്റ്റിൻ കമ്പനിക്ക് അയച്ച വൈകാരികമായ കത്ത് വലിയ ചർച്ചയായതിന് പിന്നാലെ ആണ് ഏണസ്റ്റ് & യംഗിൻ്റെ പ്രതികരണം. ഇത്തരത്തിൽ ഒന്ന് സംഭവിക്കാൻ പാടില്ലായിരുന്നു. അന്നയുടെ  കുടുംബത്തിന് എല്ലാ സഹായവും നൽകും. കമ്പനിയിലെ ജോലി സാഹചര്യം ആരോഗ്യകരമാക്കാനാണ് പരിശ്രമിക്കുന്നതെന്നതെന്ന് വിശദീകരണത്തിൽ പറയുന്നുണ്ടെങ്കിലും സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാൻ കമ്പനി തയാറായില്ല. അതേസമയം, വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. കോർപ്പറേറ്റ് തൊഴിൽ സംസ്കാരത്തിൽ മാറ്റം വരുത്താൻ കേന്ദ്രം ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പുണെ ക്യാംപസിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലിയിൽ കയറി നാല് മാസത്തിനകമാണ് 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. മകൾക്ക് മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിച്ചെന്നും ഇത് വലിയ മാനസിക സമ്മർദത്തിനും പിന്നീട് മരണത്തിനും കാരണമായെന്നാണ് പരാതി. അന്നയുടെ സംസ്കാര ചടങ്ങിനുപോലും കമ്പനി അധികൃതർ എത്തിയില്ലെന്നും അമ്മ അനിത കത്തിൽ പറഞ്ഞിരുന്നു