laddu

ആന്ധ്രപ്രദേശിനെ പിടിച്ചുകുലുക്കി തിരുപ്പതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വൈ.എസ്.ആർ.ജഗൻ മോഹൻ റെഡി സർക്കാറിന്റെ കാലത്ത് കരാറുകാർ വിതരണം ചെയ്ത നെയ്യിൽ  പന്നിയുടെയും പശുവിന്റെയും അടക്കമുള്ള നെയ്യിന്‍റെ സാന്നിധ്യമാണ് നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ലാബിലെ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ ജഗൻ മോഹൻ റെഡ്ഢിയുടെ രാഷ്ട്രീയ ഭാവി തന്നെ പ്രതിസന്ധിയിലായി.

 

 ബുധനാഴ്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ആരോപണം ആദ്യം ഉന്നയിക്കുന്നത്. വൈ.എസ്. ആർ. കോൺഗ്രസിന്റെ ഭരണകാലത്ത് വാങ്ങിയ നെയ്യിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം ഉണ്ട് എന്നായിരുന്നു ആരോപണം. ക്രിസ്ത്യനായ ജഗൻ മോഹനൻ റെഡി ക്ഷേത്രാചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ദുസൂചന കൂടി ഉണ്ടായിരുന്നു നായിഡു വിന്റെ വാക്കുകൾക്ക്. അപകടം മണത്ത വൈ. എസ്.ആർ. കോൺഗ്രസ് അതിരൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ പതിവ് നാടകമാണ് ആരോപണമെന്ന് തിരിച്ചടിക്കുകയും ചെയ്തു

 ഇതോടെ ആന്ധ്ര സർക്കാർ കഴിഞ്ഞ ജൂണിൽ നടത്തിയ പരിശോധന ഫലം പുറത്തു വിട്ടു . നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് പന്നിയുടെയും പശുവിന്റെയും കൊഴുപ്പ്,വനസ്പതി തുടങ്ങിയ വസ്തുക്കളുടെ സാന്നിധ്യം ലഡു നിർമ്മാണത്തിനായി എത്തിച്ച നെയ്യിൽ കണ്ടെത്തിയത്. ഇതോടെ വൈഎസ്ആർ  കോൺഗ്രസും ജഗൻ മോഹൻ റെഡിയും  പ്രതിരോധത്തിലായി. ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിനായി കാലങ്ങളായി നെയ് വിതരണം ചെയ്തിരുന്നത് കർണാടകയിലെ സഹകരണ സ്ഥാപനമായ  നന്ദിനിയായിരുന്നു. കഴിഞ്ഞ വർഷം ജഗൻ മോഹൻ റെഡി സർക്കാർ മഹാരാഷ്ട്രയിൽ നിന്നുള്ള സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി. ഇവർ വിതരണം ചെയ്ത നെയ്യിലാണ്  പശുവിന്റെയും പന്നിയുടെയും കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സഹകരണ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നു  ടിഡിപിയും ബിജെപിയും ആരോപിക്കുന്നുണ്ട്. മഹാപ്രസാദമായി കരുതുന്ന ലഡുവിൽ മൃഗ കൊഴുപ്പിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ ലക്ഷക്കണക്കിന് വരുന്ന തിരുപ്പതി തിരുമല  വിശ്വാസികള്‍ വൈ.എസ്. ആർ. കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്

ENGLISH SUMMARY:

Tirupati laddu row lab reports confirm lard