ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അതിഷി. ലഫ്. ഗവർണറുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ദൈവനാമത്തിലാണ് അതിഷിയും അഞ്ചുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ അരവിന്ദ് കേജ്‌രിവാളിന് നന്ദി അറിയിച്ച അതിഷി പാവപ്പെട്ടവരുടെ ദുഃഖം മനസിലാക്കിയ വ്യക്തിയാണ് കേജ്‌രിവാളെന്നും അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേജ്‌രിവാൾ തുടങ്ങിവച്ച പ്രവർത്തനങ്ങൾ അതിഷി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ആം ആദ്മി പാർട്ടിയുടെ ഉറപ്പ്.

ഗത്യന്തരമില്ലാതെ നടപ്പിലാക്കുന്ന മുഖ്യമന്ത്രി മാറ്റമായതിനാൽ ആവേശമോ ആഘോഷമോ ഉണ്ടായിരുന്നില്ല. ഉച്ചയോടെ കൽക്കാജിയിലെ വസതിയിൽനിന്ന് അതിഷി കേജ്‌രിവാളിന്റെ അടുത്തേക്ക്. തൊട്ടുപിന്നാലെ സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ,  മുകേഷ് കുമാര്‍ അഹ്‍ലാവത് എന്നിവരും കേജ്‌രിവാളിന്റെ സിവിൽ ലൈൻസിലെ വസതിയിലെത്തി. ചെറിയൊരു കൂടിക്കാഴ്ച. നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒപ്പം കേജ്‌രിവാളും ലഫ്. ഗവർണർ വി.കെ.സക്സേനയുടെ വസതിയിലേക്ക്. ചടങ്ങിൽ 60 അതിഥികളാണ് പങ്കെടുത്തത്.

ദലിത് നേതാവായ മുകേഷ് കുമാര്‍ അഹ്‍ലാവ് മന്ത്രിസഭയിൽ പുതുമുഖമാണ്. വനിത - ദലിത്- മുസ് ലിം സമവാക്യം പാലിച്ചാണ് എഎപിയുടെ മുഖം മിനുക്കൽ. അരവിന്ദ് കേജ്‌രിവാൾ തുടങ്ങിവച്ച പ്രവർത്തനങ്ങൾ അതിഷി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആം ആദ്മി പാർട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. ഉൾപ്പോര് ശക്തമായി തുടരുന്നതിനിടെയും സത്യപ്രതിജ്ഞയ്ക്കിടെ കേജ്‌രിവാൾ ഗവർണർക്കടുത്തെത്തി കൈകൊടുത്തു. കേജ്‍രിവാള്‍ നാളെ ജന്തര്‍ മന്തറില്‍ ജനകീയ കോടതിയെന്ന പേരില്‍ പ്രചാരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:

Atishi Takes Oath As Delhi Chief Minister