hema-committee-2

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മിഷൻ. കേരളത്തിലെത്തി ഇരയാക്കപ്പെട്ടവരിൽനിന്ന് നേരിട്ട് മൊഴിയെടുക്കുമെന്ന് കമ്മിഷൻ അംഗം അറിയിച്ചു. ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ട് കേരള സർക്കാരിന് ദേശീയ വനിതാ കമ്മിഷൻ കത്തയച്ചിട്ട് മറുപടിപോലും ലഭിച്ചില്ല.

 

ബിജെപി നേതാക്കളായ  സന്ദീപ് വചസ്പതിയും പി.ആർ.ശിവശങ്കറും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയോട് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പുർണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ കത്തയച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അയച്ച കത്തിൽ ഇതുവരെയും മറുപടി ലഭിച്ചില്ല. ഇതോടെയാണ് കമ്മിഷൻ അംഗങ്ങൾ കേരളത്തിലെത്തി ഇരയാക്കപ്പെട്ടവരുടെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. 

ആർക്ക്‌ വേണമെങ്കിലും ദേശീയ വനിതാ കമ്മിഷനുമായി നേരിട്ട് ബന്ധപ്പെടാം. വിഷയം പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയും ഉടൻ രൂപീകരിക്കും. മൊഴികളുടെ അടിസ്ഥാനത്തിൽ തുടർനടപടിയെന്നും ദേശീയ വനിതാ കമ്മിഷൻ വ്യക്തമാക്കി. കേരള ഹൈക്കോടതിക്ക്‌ പിന്നാലെ ദേശീയ വനിതാ കമ്മിഷനും വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതോടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കും.

ENGLISH SUMMARY:

Hema Committee: National Commission for Women to Kerala; Statements will be taken from the complainants