ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനിലേക്ക് അടുത്ത് തിരച്ചില്‍ സംഘം. ഗംഗാവാലി പുഴയിലടിഞ്ഞ മണ്ണ് നീക്കി നടക്കുന്ന തിരിച്ചിലില്‍ നിര്‍ണായക പുരോഗതി . അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് തിരച്ചിലില്‍ കണ്ടെത്തി . ക്രാഷ് ഗാര്‍ഡ് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേത് തന്നെയെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിന്‍റേതെന്ന് കരുതുന്ന മറ്റൊരു ലോഹഭാഗം കൂടി പുഴയില്‍ കണ്ടെത്തിയിട്ടുണ്ട്. തിരിച്ചില്‍ സംഘം അര്‍ജുന്‍റെ വാഹനത്തിന് കൂടുതല്‍ അടുത്തേക്ക് എത്തിയിരിക്കുന്നു എന്നുവേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍. ലോറിയുടെ ക്യാബിന്‍ കണ്ടെത്തി അതിനുള്ളില്‍ തിരച്ചില്‍ നടത്തുന്നതിനാണ് പരിശ്രമങ്ങളത്രയും .
വാഹനാവശിഷ്ടങ്ങള്‍ കിട്ടിത്തുടങ്ങിയ പശ്ചാത്തലത്തില്‍ ലോറി ഈ ഭാഗത്ത് മണ്ണില്‍ പുതഞ്ഞുപോയിട്ടുണ്ടാകാമെന്നാണ് തിരച്ചില്‍ സംഘത്തിന്‍റെ നിഗമനം. ഈ ഭാഗത്തു നിന്ന് ഡ്രഡ്ജറിന്‍റെ സാഹായത്തോടെ പരമാവധി മണ്ണ് നീക്കം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചുപോയ ചായക്കട ഇരുന്ന ഭാഗത്തിന് താഴെ നദിയിലാണ് പരിശോധന ഇന്നലെ പുനരാരംഭിച്ചത്. ഇവിടെ പരിശോധന നടത്തണമെന്നാണ് അര്‍ജുന്‍റെ കുടുംബവും ആവശ്യപ്പെട്ടത്.
നാവികസേനയുടെ കൂടി സാന്നിധ്യത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഡ്രഡ്ജിങ്ങിന് വേണ്ട നിര്‍ദേശങ്ങള്‍ നാവികസേനയിലെ വിദഗ്ധര്‍ നല്‍കുന്നുണ്ട്. അതേസമയം നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങില്ല. പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ഹൈടെന്‍ഷന്‍ വൈദ്യുത ലൈനിന്‍റെ ഭാഗങ്ങള്‍ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു.
നേരെത്തെ ഡ്രോൺ പരിശോധന നടത്തി ലോഹ സാന്നിധ്യം കണ്ടെത്തിയ റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരിലെത്തും. ഉച്ചയോടെ ഗോവയിൽ എത്തുന്ന ഇന്ദ്രബാലന്‍ നേരേ അപകടസ്ഥലത്ത് എത്തി തിരച്ചിൽ സംഘവുമായി കൂടിയാലോചന നടത്തും. വീണ്ടും ഇബോര്‍ഡ് ഡ്രോണ്‍ പരിശോധനയുണ്ടാവില്ല. ഇന്നലെ തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥി മംഗളുരുവിലെ ഫോറൻസിക് ലാബിലേക്ക് പരിശോധനയിക്കായി ഇന്ന് അയക്കും