TOPICS COVERED

ഓര്‍ഡര്‍ ചെയ്ത ട്രെക്കിങ് ട്രൗസർ നല്‍കാത്തതിനെ തുടര്‍ന്ന് സ്‌പോർട്‌സ് ഉപകരണ റീട്ടെയിൽ ശൃംഖലയായ ഡെക്കാത്‌‍ലോണ്‍ ഉപഭോക്താവിന് 35,000 രൂപ നൽകണമെന്ന് കർണാടകയിലെ ഉപഭോക്തൃ കോടതി.

മംഗളൂരു നിവാസിയായ 23 കാരനായ മോഹിത്താണ് താൻ ഓർഡർ ചെയ്ത ട്രൗസർ ലഭിക്കാത്തതിനെ തുടർന്ന് ദക്ഷിണ കന്നഡയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. മോഹിത്തിന്‍റെ പരാതി അനുസരിച്ച് കഴിഞ്ഞ വർഷം ഡിസംബർ 22ന് ഫോർക്ലാസ് ട്രെക്കിംഗ് ട്രൗസറായ എം.ടി-500 വാങ്ങുന്നതിനെക്കുറിച്ച് ഡെക്കാത്‌ലോൺ പ്രതിനിധികളുമായി സംസാരിച്ചു. എന്നാൽ ഉൽപ്പന്നം ബെംഗളൂരുവിലെ ഇ.ടി.എ മാളിലെ ചെയിൻ സ്‌റ്റോറിൽ മാത്രമേ ലഭ്യമാകൂ എന്ന് അറിയിക്കുകയും എക്‌സിക്യൂട്ടീവുകൾ ഓൺലൈനായി പണം അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മോഹിത്തിന്‍റെ വിലാസത്തില്‍ ഡെലിവറി ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് അറിയിക്കുകയും ചെയ്തു.

മോഹിത്ത് ഓൺലൈനായി 1,399 രൂപ അടച്ചെങ്കിലും ഉൽപ്പന്നം ലഭിച്ചില്ല. ഇ.ടി.എ മാളിലെ ഡെക്കാത്‌ലോൺ സ്‌റ്റോറിലെ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ഉൽപ്പന്നം ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഫെബ്രുവരി ആറിന് ഇ.ടി.എ മാളിലെ ഷോറൂമില്‍ നേരിട്ടെത്തിയ മോഹിത്തിന് പണം തിരികെ നൽകാമെന്ന് ജീവനക്കാര്‍  ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടും പണം തിരികെ ലഭിച്ചില്ല.

ഏപ്രിൽ 9ന് മോഹിത് വക്കീൽ നോട്ടീസ് അയച്ചപ്പോൾ ഇടിഎ മാളിലെ സ്റ്റോർ പൂട്ടിയെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ ഡെക്കാത്‌‍ലോണിന് നോട്ടീസ് അയച്ചെങ്കിലും ഇവര്‍ ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് കോടതി ഉപഭോക്താവിന് 35,000 രൂപ ഡെക്കാത്‌‍ലോണ്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന വിധി പുറപ്പെടുവിച്ചത്. സേവനത്തില്‍ വരുത്തിയ വിഴ്ചക്ക് 25,000 രൂപയും കോടതി ചെലവിനായി 10,000 രൂപയുമാണ് നല്‍കേണ്ടത്. 

ENGLISH SUMMARY:

Court directs Decathlon to pay Rs 35,000 compensation for non-delivery of trekking trousers