മണിപ്പുരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും സംഘര്‍ഷത്തിന് സാധ്യതയെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ അതീവ ജാഗ്രതാ നിര്‍ദേശം. 900 കുക്കി സായുധ സംഘാംഗങ്ങള്‍ മ്യാന്‍മറില്‍നിന്ന് വിദഗ്ധ പരിശീലനം നേടിയെത്തിയെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് പറഞ്ഞു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്.
30 പേരടങ്ങുന്ന 30 സംഘം. അത്യാധുനിക ആയുധങ്ങള്‍ കൈവശം. പരിശീലനം ലഭിച്ചിരിക്കുന്നത് വനേഖലയിലെ ഗറില്ല യുദ്ധങ്ങള്‍ മുതല്‍ ആഴ്ചകള്‍ നീളുന്ന ജംഗിള്‍ വാര്‍ഫെയറില്‍ വരെ. മ്യാന്‍മര്‍ വഴി 900 പേരടങ്ങുന്ന കുക്കി സായുധ സംഘാംഗങ്ങള്‍ മണിപ്പുരിലെത്തിയെന്നാണ് സംസ്ഥാനത്തെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് പറയുന്നത്. അടുത്ത ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ എന്നുവേണമെങ്കിലും അക്രമമുണ്ടാകാം. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചുരാചന്ദ്പൂര്‍, തെഗ്നോപാല്‍, ഉഖ്രൂള്‍, കാംജോങ് അടക്കം അഞ്ച് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിപ്പുര്‍ പൊലീസിന് പുറമെ സംസ്ഥാന വ്യാപകമായി 60,000 സുരക്ഷാസേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് വാര്‍ത്താ സമ്മേളനം നടത്തി സംസ്ഥാനത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞത് അനൗചിത്യമാണെന്ന് സുരക്ഷാ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. അറിയാവുന്ന വിവരങ്ങള്‍ മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് പങ്കുവയ്ക്കണമെന്ന് കരസേന ആവശ്യപ്പെടേണ്ട സാഹചര്യവും ഉണ്ടായി.