tirupati-shanthi-homam

പ്രസാദമായ ലഡ്ഡുവിൽ മൃഗകൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുപ്പതി ക്ഷേത്രത്തിൽ പരിഹാര ക്രിയകൾ തുടങ്ങി. പാപ പരിഹാരങ്ങൾക്കുവേണ്ടി ക്ഷേത്രത്തിൽ ശാന്തി ഹോമം നടത്തി. ആചാരങ്ങളിൽ  തെറ്റ് സംഭവിച്ചാൽ ആണ് സാധാരണ ഈ ഹോമം നടത്തുന്നത്.

തെറ്റുകൾക്ക് പരിഹാരമായി വാർഷിക അഗമ ശാസ്ത്ര കർമ്മങ്ങൾ ഓഗസ്റ്റ് 15 മുതൽ 17വരെ നടന്നിരുന്നു. തൊട്ടു പിറകെയാണ്‌ ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗകൊഴുപ്പ് ഉണ്ടെന്ന ലാബ് പരിശോധന ഫലം പുറത്തു വന്നത്. മൃഗകൊഴുപ്പ് ഉപയോ​ഗിച്ചതിന്റെ പാപഫലങ്ങൾ ഇല്ലാതാക്കാനാണ് ഇന്നത്തെ പൂജകൾ. 

അതേസമയം സംഭവം അന്വേഷണിക്കുന്നതിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ തുടരുകയാണ്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നെയ്യ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ മാറ്റം വരുത്തിയായി നായിഡു വിമർശിച്ചു. 

 

ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങി ഉപയോഗിക്കാൻ അനുവദിച്ചതോടെ തിരുപ്പതി ലഡ്ഡുവിൻറെ പവിത്രതയ്ക്കാണ് മുൻ സർക്കാർ മങ്ങലേൽപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു പ്രകാശം ജില്ലയിലെ പൊതുസമ്മേളനത്തിനിടെ ആദ്യം ആരോപിച്ചത്.

തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്നതിന് കർണാടകയിൽ നിന്ന് 'നന്ദിനി'യുടെ നെയ്യാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാൽ ലാഭം നോക്കി കമ്പനിമാറ്റിയപ്പോൾ ഗുണനിലവാരത്തിൽ വലിയ വീഴ്ച വന്നു. വികാരം വ്രണപ്പെട്ടുവെന്ന് വിശ്വാസികൾ പറയുന്നു. പൊറുക്കാനാവാത്ത തെറ്റാണ് വരുത്തിയതെന്നും കുറ്റക്കാരെ വെറുതേ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Tirupati ghee animal fat row; Tirumal Tirupati Devasthanam performs Maha Shanti Homam