• തിരുപ്പതി ലഡ്ഡുവില്‍ നിന്ന് പുകയില ലഭിച്ചെന്ന് പരാതി
  • പുകയില കടലാസില്‍ പൊതിഞ്ഞ നിലയില്‍

തിരുപ്പതി ലഡ്ഡുവിലെ മൃഗ കൊഴുപ്പ് വിവാ​ദത്തിന് പിന്നാലെ പുകയില കണ്ടെന്ന് പരാതി. തെലങ്കാനയിലെ കമ്മം ജില്ലയിൽ നിന്നുള്ള ദൊന്തു പദ്മാവതിക്കാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ ലഡ്ഡുവിൽ നിന്നും പുകയില ലഭിച്ചത്. തിരുപ്പതി ലഡ്ഡു നിർമിക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ മൃ​ഗ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വിവാദം കത്തി നിൽക്കെയാണ് പുതിയ വിവാദം.

Also Read: തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ്; പുറത്തുനിന്നുള്ള പ്രസാദങ്ങള്‍ക്ക് മങ്കമേശ്വർ ക്ഷേത്രത്തില്‍ വിലക്ക്

ഗൊല്ലഗുഡം പഞ്ചായത്തിലെ താമസക്കാരിയായ പദ്മാവതി സെപ്റ്റംബർ 19 നാണ് തിരുപ്പതി ക്ഷേത്ര ദർശനം നടത്തിയത്. ബന്ധുക്കൾക്കും അയൽക്കാർക്കും പ്രസാദമായി നൽകാൻ കൊണ്ടുവന്ന ലഡ്ഡുവിലാണ് പുകയില കണ്ടെത്തിയത്. എല്ലാവർക്കും കൊടുക്കാനായി ലഡ്ഡു തുറന്ന ശേഷമാണ് പേപ്പർ കഷണത്തിൽ പുകയില കണ്ടത്. പ്രസാദം പവിത്രമാകണം, ഇത് കണ്ട് നടുങ്ങിയെന്ന് പദ്മാവതി പറഞ്ഞു.  

ലഡുവിൽ മൃഗകൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം പരിഹാര ക്രിയകൾ നടത്തിയിരുന്നു. പാപ പരിഹാരങ്ങൾക്കുവേണ്ടി ക്ഷേത്രത്തിൽ ശാന്തി ഹോമം നടത്തി. ആചാരങ്ങളിൽ തെറ്റ് സംഭവിച്ചാൽ ആണ് സാധാരണ ഈ ഹോമം നടത്തുന്നത്. മൃഗകൊഴുപ്പ് ഉപയോ​ഗിച്ചതിന്റെ പാപഫലങ്ങൾ ഇല്ലാതാക്കാനായിരുന്നു പൂജകൾ.

തെറ്റുകൾക്ക് പരിഹാരമായി വാർഷിക അഗമ ശാസ്ത്ര കർമ്മങ്ങൾ ഓഗസ്റ്റ് 15 മുതൽ 17വരെ നടന്നിരുന്നു. തൊട്ടു പിറകെയാണ്‌ ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗകൊഴുപ്പ് ഉണ്ടെന്ന ലാബ് പരിശോധന ഫലം പുറത്തു വന്നത്. 

Also Read: മൂന്ന് നൂറ്റാണ്ടിന്‍റെ പെരുമ; തിരുപ്പതി ലഡ്ഡു മാഹാത്മ്യം

സംഭവത്തിൽ രാഷ്ട്രീയമായ ആരോപണങ്ങളും തുടരുകയാണ്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നെയ്യ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ മാറ്റം വരുത്തിയായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിമർശിച്ചു. തിരുപ്പതിയിൽ ലഡ്ഡു നിർമാണത്തിന് നെയ്യ് തിരഞ്ഞെടുക്കും മുൻപ് കർശനമായ പരിശോധനകൾ ഉണ്ടാകാറുണ്ടെന്ന് മുൻമന്ത്രിയും വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി നേതാവുമായ കക്കാനി ഗോവർദ്ധൻ റെഡ്ഡി പറഞ്ഞു.

ജൂലൈയിൽ ​ഗുണനിലവാരമില്ലാത്ത നാല് ടാങ്കർ നെയ്യ് എത്തിയെന്നും ഇത് തിരിച്ചയച്ചെന്നും അദ്ദേ​ഹം പറഞ്ഞു. ഇത് പരി​ഗണിക്കാതെയാണ് തിരിച്ചയച്ച നെയ്യ് ഉപയോ​ഗിച്ചാണ് പ്രസാദം ഉണ്ടാക്കുന്നതെന്ന് ചന്ദ്രബാബു നായിഡു വ്യാജപ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ആന്ധ്ര മുഖ്യമന്ത്രി ചുമതലപ്പെട്ടുത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Devotee claims tobacco found in Tirupati Laddu: New controversy arises.