ജോലി സമയത്ത് ലിപ്സ്റ്റിക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ഡഫേദാർക്ക് സ്ഥലമാറ്റം. 50 കാരിയായ എസ്ബി മാധവിയെ മേയർ ഓഫീസിൽ നിന്നും കോർപ്പറേഷന്റെ മനാലി സോണിലേക്കാണ് സ്ഥലം മാറ്റിയത്. ഡഫോദർ, ജോലി സമയത്ത് ലിപ്സ്റ്റിക്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഓഫീസിലുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി.
Also Read: നടുറോഡില്‍ വയോധികന്‍റെ മുഖത്തേക്ക് സ്നോ സ്പ്രേ; പ്രാങ്ക് വിഡിയോ എടുത്ത യൂട്യൂബറെ പൊക്കി പൊലീസ്
ജോലി സ്ഥലത്ത് ലിസ്പ്സ്റ്റിക് ധരിക്കുന്നതിൽ നിന്ന് എങ്ങനെ ഒരാളെ എതിർക്കും എന്ന ചോദ്യം ഉന്നയിച്ചതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ഔദ്യോഗിക സമയത്ത് ലിപ്സ്റ്റിക് ഉപയോഗത്തിൻറെ പേരിൽ മാധവിക്ക് മേയറുടെ പിഎ മെമ്മോ നല്‍കിയിരുന്നു. ലിപ്സ്റ്റിക്ക് ഉപയോഗിക്കാതിരിക്കാൻ സർക്കാർ ഉത്തരവുണ്ടോ എന്ന ചോദ്യമായിരുന്നു മാധവിയുടെ മറുപടി.
'നിങ്ങളെന്നോട് ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്ന് പറഞ്ഞു, ഞാനത് അനുസരിച്ചു. ഇതൊരു കുറ്റമാണെങ്കിൽ നിരോധിക്കുന്ന സർക്കാർ ഉത്തരവ് കാണിക്കൂ' എന്നാണ് മെമ്മോയ്ക്ക് മറുപടി നൽകിയത്. മറുപടി നൽകി മിനുട്ടുകൾക്കുള്ളിലാണ് സ്ഥലമാറ്റ നടപടി.
ലിപ്സ്റ്റിക് ഉപയോഗിച്ചതിനല്ല മാധവിയെ സ്ഥലം മാറ്റിയതെന്നും ജോലിയിലുള്ള അലംഭാവം കാരണമാണെന്നുമാണ് അധികൃതരുടെ വാദം. ചുമതല നിർവഹിക്കാതിരിക്കൽ, സമയത്ത് ഓഫീസിൽ വരുന്നില്ല, മുതിർന്നവരുടെ ഉത്തരവ് അനുസരിക്കുന്നില്ല എന്നിവ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാധവിക്ക് മെമ്മോ നൽകിയത്. വിവാഹമോചിതയായ മാധവിയെ താമസ സ്ഥലത്ത് നിന്നും ദൂരെയ്ക്കാണ് സ്ഥലം മാറ്റിയതെന്നും വിമർശനമുണ്ട്.
വനിതാ ദിനാഘോഷത്തിനിടെ ചെന്നൈയിലെ റിപ്പൺ ബിൽഡിംഗിൽ ഫാഷൻ ഷോയിൽ മാധവി പങ്കെടുത്തത് വിമർശനത്തിന് കാരണമായിരുന്നു എന്നാണ് ചെന്നൈ മേയർ പ്രിയ പറയുന്നത്.
'ഇക്കാര്യം ഡഫോദറെ അറിയിച്ചിരുന്നു. കൂടാതെ ശ്രദ്ധിക്കപ്പെടുന്ന കടും നിറത്തിലുള്ള ലിപ്സ്റ്റിക്കുകളാണ് അവർ ധരിച്ചിരുന്നത്. മേയറുടെ ഓഫീസിൽ മന്ത്രിമാരെയും എംബസി ഉദ്യോഗസ്ഥരെയും പതിവായി എത്തുന്നതിനാൽ അത്തരം ഷേഡുകൾ ധരിക്കരുതെന്ന് പിഎ ആവശ്യപ്പെട്ടത്'. സ്ഥലമാറ്റത്തിന് ഇതൊരു കാരണമല്ലെന്നും മേയർ വിശദീകരിച്ചു.