വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിവുളള ധീരനായ രാഷ്ട്രീയക്കാരനാണ് രാഹുല്‍ ഗാന്ധിയെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തനിക്ക് ധൈര്യശാലിയും സത്യസന്ധനുമായ രാഷ്ട്രീയക്കാരെയാണ് ഇഷ്ടമെന്ന് പറഞ്ഞ സെയ്ഫ് രാഹുല്‍ ഗാന്ധിയുടെ ധീരതയെ പ്രത്യേകം എടുത്ത് പരാമര്‍ശിച്ചു. ഒരു കോണ്‍ക്ലേവ് പരിപാടിയില്‍ എങ്ങനെയുള്ള രാഷ്ട്രീയക്കാരെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സെയ്ഫ് അലി ഖാന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്, ഭാവിയില്‍ ഇന്ത്യയെ നയിക്കാൻ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരൻ എന്ന നിലയില്‍ ഇവരില്‍ ആരെയാണ് നോക്കിക്കാണുന്നത് എന്നതായിരുന്നു സെയ്ഫിനോടുളള ചോദ്യം. ഇവരെല്ലാം തന്നെ ധീരരായ രാഷ്ട്രീയക്കാരാണ് എന്നായിരുന്നു സെയ്ഫിന്റെ മറുപടി. ധൈര്യവും സത്യസന്ധതയുമുളള രാഷ്ട്രീയക്കാരെയാണ് തനിക്കിഷ്ടമെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം രാഹുല്‍ ഗാന്ധി ചെയ്ത കാര്യങ്ങള്‍ ഏറെ സ്വാധീനം ചെലുത്തുന്നതാണെന്ന് സെയ്ഫ് ചൂണ്ടിക്കാട്ടി.
സെയ്ഫ് അലി ഖാന്‍റെ വാക്കുകള്‍ ഇങ്ങനെ:
'രാഹുൽ ഗാന്ധി ചെയ്തകാര്യങ്ങള്‍ വളരെ ശ്രദ്ധേയമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളോട് ആളുകള്‍ അനാദരവ് കാണിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എനിക്ക് തോന്നുന്നു വളരെ നല്ല രീതിയിൽ തന്നെ കഠിനാധ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അത് മാറ്റിമറിച്ചു'. സെയ്ഫ് അലി ഖാന്‍റെ ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരു രാഷ്ട്രീയക്കാരനാകാൻ താൽപ്പര്യമില്ലെന്നും സെയ്ഫ് പറഞ്ഞു. തനിക്ക് ശക്തമായ കാഴ്ചപ്പാടുകളുണ്ടെങ്കിൽ, അത് പങ്കുവയ്ക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും സെയ്ഫ് വ്യക്തമാക്കി.