farmers-protest-shambu-5

ഹരിയാന– പഞ്ചാബ് അതിര്‍ത്തിയായ ശംഭുവിലെ റോഡ് ഉപരോധം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതിയെ തള്ളി കര്‍ഷക സംഘടനകള്‍. സുപ്രീംകോടതിക്ക് ബി.ജെ.പിയുടെ സ്വരമാണ്. ഉന്നതതല സമിതിയുമായി സഹകരിക്കില്ല. അതിര്‍ത്തി തുറക്കാതെ പിന്നോട്ടില്ലെന്നും സമരസമിതി നേതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ കൂടി സാഹചര്യത്തിലാണ് കര്‍ഷകര്‍ നിലപാട് കടുപ്പിക്കുന്നത്

 

കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, പാവപ്പെട്ട തൊഴിലാളികള്‍ക്ക് വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് ഫെബ്രുവരിയില്‍ ശംഭു അതിര്‍ത്തിയില്‍ തടഞ്ഞതോടെ ഉപരോധ സമരവും ആരംഭിച്ചു. ഏഴുമാസമായ ദേശീയപാത അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെട്ടതും കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ ഈ മാസം ആദ്യം ഉന്നതതല സമിതിയെ നിയോഗിക്കുകയും ചെയ്തത്. എന്നാല്‍ കോടതിയില്‍ വിശ്വാസമില്ലെന്നും ജഡ്ജിമാര്‍ക്ക് അദാനിയുടെയും അംബാനിയുടെയും സ്വരമാണെന്നും  കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് ഹര്‍ഭജന്‍ സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. 

കര്‍ഷകരെ പൊലീസും ഹരിയാന സര്‍ക്കാരും നേരിട്ട രീതിയിലും കര്‍ഷകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് കൂടി എത്തിയതോടെയാണ് വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടിലേക്ക് കര്‍ഷകര്‍ നീങ്ങിയത്. 

ENGLISH SUMMARY:

Farmer unions protesting on the Punjab-Haryana border for the past over seven months have decided not to engage in talks with the Supreme Court-appointed high-powered committee.