കാണ്ടാമൃഗത്തിന്‍റെ ആക്രമണത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ആസാമിലെ മോറിഗാവ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാംരുപ് സ്വദേശിയായ 37കാരന്‍ സദ്ദാം ഹുസൈന്‍ ആണ് കൊല്ലപ്പെട്ടത്. പോബിതോറ വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്തുചാടിയ കാണ്ടാമൃഗമാണ് സദ്ദാമിനെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കവേ വഴിയരികില്‍ നിന്ന് പെട്ടെന്ന് സദ്ദാമിന് നേരെ കാണ്ടാമൃഗം പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സദ്ദാമിനെ കാണ്ടാമൃഗം പിന്തുടര്‍ന്നു. തൊട്ടടുത്തുളള പാടത്തേയ്ക്ക് സദ്ദാം ഇറങ്ങിയോടിയെങ്കിലും പിന്നാലെ കൂടിയ കാണ്ടാമൃഗം മാരകമായി യുവാവിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വച്ച് കാണ്ടാമൃഗത്തെ തുരത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തല ചതഞ്ഞ നിലയിലാണ് സദ്ദാമിന്‍റെ മൃതദേഹം പാടത്ത് നിന്നും കണ്ടെടുത്തത്.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കാണ്ടാമൃഗം വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്ത് ചാടിയതാണെന്നനും വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 2800 കിലോഗ്രാം ഭാരം വരുന്ന കാണ്ടാമൃഗമാണ് സദ്ദാമിനെ ആക്രമിച്ചത്. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ ഉള്ള ഇടം കൂടിയാണ് പോബിതോറ വന്യജീവി സങ്കേതം.