flights

പ്രതീകാത്മക ചിത്രം.

അറബിക്കടലിന് മുകളില്‍ നേര്‍ക്കുനേര്‍ എത്തി ബോയിങ് 777 വിമാനങ്ങള്‍. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഖത്തര്‍ എയര്‍വേസിന്റേയും ഇസ്രയേല്‍ എയര്‍ലൈന്‍സിന്റെയും യാത്രാ വിമാനങ്ങളാണ് നേര്‍ക്കുനേര്‍ വന്നത്. കുറഞ്ഞത് പത്തു മിനിറ്റ് അകലം പാലിക്കേണ്ടിടത്ത് ഒരു മിനിറ്റ് മാത്രമായിരുന്നു ഈ വിമാനങ്ങള്‍ തമ്മിലെ അകലം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. 

മുംബൈയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നിയന്ത്രിക്കുന്ന ആകാശപാതയിലായിരുന്നു സംഭവം. മാര്‍ച്ച് 24ന് 35,000 അടി ഉയരത്തില്‍ വിമാനങ്ങള്‍ തമ്മില്‍ അടുത്തുവന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടു വിമാനങ്ങളും തമ്മില്‍ ആകെ 9.1 നോട്ടിക്കല്‍ മൈല്‍ മാത്രമായിരുന്നു അകലം. ഒരു മിനിറ്റില്‍ താഴെ മാത്രമായിരുന്നു ഇരു വിമാനങ്ങള്‍ക്കുമിടയിലെ സമയദൂരം. പത്തു മിനിറ്റിങ്കിലും വേണമെന്നിരിക്കെയാണിത്.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.ഐ.ബി) റിപ്പോര്‍ട്ട് പ്രകാരം  മാര്‍ച്ച് 24ന് രാവിലെ 7.36നാണ് അന്വേഷണത്തിനാസ്പദമായ സംഭവം നടന്നത്. ഇസ്രയേല്‍ എയര്‍ലൈന്‍സിന്റെ ഇഎല്‍വൈ-81 വിമാനം ടെല്‍ അവീവില്‍ നിന്നും ബാങ്കോക്കിലേക്കും ഖത്തര്‍ എയര്‍വേസിന്റെ ക്യുടിആര്‍-8ഇ വിമാനം മാലെയില്‍ നിന്നും ദോഹയിലേക്കുമാണ് പറന്നത്. അനുവദിക്കപ്പെട്ട വ്യോമപാതയിലൂടെ സമുദ്ര നിരപ്പില്‍നിന്നും 35,000 അടി ഉയരത്തിലായിരുന്നു ഇരു വിമാനങ്ങളും. ഇഎല്‍വൈ-81 വിമാനം സഞ്ചരിച്ച എൽ 875 എന്ന എയർവേയും ആർ8ഇ വിമാനം സഞ്ചരിച്ച എൽ 894 എയർവേയും പരസ്പരം മുറിച്ചു കടക്കുന്ന അറബിക്കടലിനു മുകളില്‍ 'GOLEM' എന്ന ഭാഗത്തുവച്ചാണ് കൂട്ടിമുട്ടിയേക്കാവുന്ന ദൂരത്തിലെത്തിയത്.

മുംബൈ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണിനു കീഴിലുള്ള ഭാഗമാണിത്. സംഭവത്തില്‍ എ.എ.ഐ.ബി അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇതോടെയാണ് വിഷയം വ്യാപക ചര്‍ച്ചായാകുന്നത്. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാര്‍ക്ക് കോക്പിറ്റിലെ സുരക്ഷാ സംവിധാനം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ലെന്ന് എഎഐബിയുടെ റിപ്പോര്‍ട്ടിലുണ്ട്. 

ട്രാഫിക് അലര്‍ട്ട് ആന്റ് കൊളീഷൻ അവോയ്ഡന്‍സ് സിസ്റ്റം(ടി.സി.എ.എസ്) വഴിയോ എയര്‍ ട്രാഫിക് കണ്‍ട്രോള്‍(എ.ടി.സി) വഴിയോ വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ഔദ്യോഗികമായി കൂട്ടിയിടി മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. ടിസിഎഎസ് മുന്നറിയിപ്പ് ലഭിക്കുന്നതിന് വേണ്ടത്രയും അകലം ഇല്ലാതിരുന്നതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക കാരണങ്ങളാലാണോ ഈ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. വൈകാതെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് എഎഐബി മേധാവി ജി.വി.ജി യുഗാന്ധിര്‍ പറഞ്ഞു.

വിമാനങ്ങള്‍ തമ്മില്‍ 20-45 സെക്കന്‍ഡുകളുടെ വ്യത്യാസത്തിനുള്ളില്‍ വന്നാല്‍ മാത്രമേ ടിസിഎഎസ് കൂട്ടിയിടി മുന്നറിയിപ്പ് നല്‍കുകയുള്ളൂവെന്നാണ് വ്യോമയാന വിദഗ്ദർ പറയുന്നത്. എങ്കിലും ഇരുവിമാനങ്ങളിലേയും പൈലറ്റുമാര്‍ക്ക് ഈ അകലത്തില്‍ വെച്ച് മുന്നറിയിപ്പു ലഭിക്കാതെ തന്നെ പരസ്പരം കാണാനും അപകട സാധ്യത തിരിച്ചറിയാനും കഴിയും. വിമാനങ്ങളുടെ വേഗം കൂടി അറിഞ്ഞാല്‍ മാത്രമേ എത്രത്തോളം അപകടത്തിന് അടുത്തെത്തിയിരുന്നെന്ന് കണക്കുകൂട്ടാന്‍ സാധിക്കൂവെന്നാണ് വിവരം.  സംഭവത്തെ തുടര്‍ന്ന് കുറഞ്ഞത് രണ്ട് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍പരിശീലനത്തിന് അയക്കുകയും ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Two flights came closer than the mandated minimum separation while airborne at top of middle of the Arabian Sea. Aircraft belonging to Qatar Airways and Israel’s EL AL were involved in the incident. India’s Aircraft Accident Investigation Bureau (AAIB) is investigating the case.