രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ സമയം തേടി ലഡാക്ക്‌ സമരനായകൻ സോനം വാങ്ചുക്ക്. ലേയിൽ നിന്നെത്തിയ പദയത്രികർക്കൊപ്പം സോനം വാങ്ചുക്ക് ഡൽഹിയിൽ തുടരും. പ്രതിഷേധത്തിന് മുതിർന്നാൽ വീണ്ടും കരുതൽ തടങ്കലിലാക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

വലിയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് സോനം വാങ്ചുക്ക്‌. ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക. ലഡാക്കിനുള്ള പബ്ലിക് സർവീസ് കമ്മിഷനും ലേ, കാർഗിൽ ജില്ലകൾക്ക് പ്രത്യേക ലോക്‌സഭ സീറ്റുകളും ആവശ്യങ്ങളിൽപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം, ചൈനയുടെ കടന്നുകയറ്റം തടയൽ എന്നിവയും ആവശ്യങ്ങളാണ്. ലഡാക്കിൽ ഏറ്റവും ശക്തമായ കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്' 'ലേ അപെക്സ് ബോഡി' എന്നീ സംഘടനകളുടെ പൂർണ  പിന്തുണ മാഗ്സസെ പുരസ്കാര ജേതാവും വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കിനുണ്ട്. 

ഡൽഹി ലഡാക്ക് ഭവനിൽ താമസിക്കുന്ന സോനം വാങ്ചുക്കിന്റെ നീക്കങ്ങൾ ഡൽഹി പൊലീസ്  നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രപതിയെയും  പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും കാണണം എന്നാണ് സോനം വാങ്ചുക്കിന്റെ ആവശ്യം.

ENGLISH SUMMARY:

Ladakh activist Sonam Wangchuk seeks time to meet PM