ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ ഇസ്രയേല്‍ മിസൈല്‍ വര്‍ഷിച്ച് കൊലപ്പെടുത്തിയല്ലോ, ഇന്ത്യന്‍ വ്യോമസേനയ്ക്കും അതുപോലെ സാധിക്കുമോ ? . വ്യോമസേനാ ദിനത്തോട് അനുബന്ധിച്ചുള്ള വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ്ങിന്‍റെ വാര്‍ത്താ സമ്മേളനത്തിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യം ചോദിച്ചത്. ചിരിയോടെ തുടങ്ങിയ എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് ഇങ്ങനെ പറഞ്ഞു. ‘‘ഇന്ത്യയ്ക്കും അതിന് സാധിക്കും. സമാനമായ ആക്രമണങ്ങള്‍ വ്യോമസേന നടത്തിയിട്ടുണ്ട്. ബാലാക്കോട്ടിലെന്താണുണ്ടായത് ? . ഇസ്രയേല്‍ ഹിസ്‌ബുല്ല മേധാവിയെ വധിച്ചത് പോലെ തന്നെയാണ് ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. എന്നാല്‍ ആരെ എപ്പോള്‍ എവിടെവച്ച് കൊല്ലപ്പെടുത്തുമെന്ന് ഇവിടെവച്ച് പറയാന്‍ കഴിയില്ല’’.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരെ കൊലപ്പെടുത്തിയ ആക്രമണത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയായിരുന്നു ബാലാക്കോട്ടിലേത്. 2019 ഫെബ്രുവരി 14നായിരുന്നു പുല്‍വാമയിലെ ആക്രമണം. ഉത്തരവാദിത്തമേറ്റെടുത്തത് പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്. ദിവസങ്ങള്‍ക്കപ്പുറം ഫെബ്രുവരി 26ന് മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വ്യോമസേന നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് കിലോ ബോംബാണ് ബാലാക്കോട്ടില്‍ വര്‍ഷിച്ചത്. ജയ്ഷെ മുഹമ്മദിന്‍റെ വലിയ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് വ്യോമസേന ലക്ഷ്യമിട്ടത്. ഒട്ടേറെ ഭീകരരെ വധിച്ചു.
വാര്‍ത്താ സമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍
പ്രതിരോധരംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ കൂടുതലായി വരണമെന്ന് വ്യോമസേനാമേധാവി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍നിന്ന് LCA തേജസ് യുദ്ധവിമാനങ്ങളുടെ വിതരണത്തിലുണ്ടാകുന്ന കാലതാമസമടക്കം ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് പ്രതിരോധ നിര്‍മാണ രംഗത്ത് സ്വകാര്യ കമ്പനികളുടെ ആവശ്യകത വ്യോമസേനാ മേധാവി എടുത്തുപറയുന്നത്. ഭാവിയിലുണ്ടാകുന്ന സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ പൂര്‍ണമായും തദ്ദേശീയമായ ആയുധങ്ങള്‍ കൂടിയേ തീരൂ. റഷ്യന്‍–യുക്രെയിന്‍ യുദ്ധവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതിയെ ബാധിച്ചെന്നും വ്യോമസേനാ മേധാവി. 200 മിസൈലുകള്‍ ഉപയോഗിച്ച് മറ്റൊരു രാജ്യത്ത് ആക്രമണം നടത്തണമെങ്കില്‍ ആയുധങ്ങള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കുമായി എന്നും വിദേശരാജ്യങ്ങളെ ആശ്രയിക്കാനാകില്ല. സ്വന്തമായി നിര്‍മിച്ചേ പറ്റുവെന്നും വ്യോമസേനാ മേധാവി. യുദ്ധവിമാന എന്‍ജിനുകള്‍ കൃത്യതയോടെ വ്യാപകമായി നിര്‍മിക്കണം. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ യുദ്ധവിമാന എന്‍ജിനുകള്‍ നിര്‍മിക്കുന്നുവെന്ന് പറഞ്ഞാലും എന്‍ജിനില്‍ ഉപയോഗിക്കേണ്ട ചില ഉപകരണങ്ങള്‍ പുറത്തുവന്ന് വരുത്തേണ്ടി വരുന്നു. രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച് എന്‍ജിന്‍ ഉല്‍പ്പാദനത്തിലേക്ക് കടക്കുക എന്നത് അതീവ സങ്കീര്‍ണമായ കാര്യമാണെന്നും വ്യോമസേനാ മേധാവി
ചൈനയോട് എന്ത് പറയാനുണ്ട് ?
യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്ഥയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പ്രതിരോധമേഖലയില്‍ ചൈനയുടെ അടിസ്ഥാന സൗകര്യവികസനം അതിവേഗത്തിലാണ്. ഇന്ത്യയും ഒപ്പത്തിനൊപ്പമെത്താന്‍ ശ്രമിക്കുന്നു. കിഴക്കന്‍ ലഡാക്കില്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. പുതിയ എയര്‍ഫീല്‍ഡുകള്‍ വികസിപ്പിക്കുന്നു. നിലവിലുള്ള എയര്‍ഫീല്‍ഡുകള്‍ വിപുലപ്പെടുത്തുകയാണെന്നും വ്യോമസേനാമേധാവി പറഞ്ഞു. ഇന്ത്യയിലെത്തിയ മൂന്ന് എസ്–400 മിസൈല്‍ റെജിമന്‍റുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായി. അടുത്ത വര്‍ഷം രണ്ട് യൂണിറ്റുകള്‍ കൂടി ഇന്ത്യയിലെത്തും. റഷ്യ–യുക്രെയിന്‍ യുദ്ധമാണ് വിതരണം വൈകിച്ചത് . തേജസ് മാര്‍ക് 2–അടുത്ത വര്‍ഷം ഒക്ടോബറില്‍ ആദ്യപരീക്ഷണപ്പറക്കല്‍ നടത്തും. 2028ല്‍ വ്യോമസേനയുടെ ഭാഗമാകും. അയണ്‍ ഡോം പോലെയുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്കും ആവശ്യമുണ്ട്. ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം.