പ്രതിരോധ മേ‌ഖലയില്‍ സ്വകാര്യ കമ്പനികള്‍ കൂടുതലായി കടന്നുവരണമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ്. 2047 ഓടെ വ്യോമസേനയ്ക്കുവേണ്ട മുഴുവന്‍ യുദ്ധോപകരണങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയാണ് ലക്ഷ്യം. ലഡാക്കില്‍ ചൈന അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും ഇന്ത്യയും ഒപ്പത്തിനൊപ്പം എത്താന്‍ നോക്കുകയാണെന്നും വ്യോമസേനാ മേധാവി പറഞ്ഞു.

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍നിന്ന് LCA തേജസ് യുദ്ധവിമാനങ്ങളുടെ വിതരണത്തിലുണ്ടാകുന്ന കാലതാമസമടക്കം ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് പ്രതിരോധ നിര്‍മാണ രംഗത്ത് സ്വകാര്യ കമ്പനികളുടെ ആവശ്യകത വ്യോമസേനാ മേധാവി എടുത്തുപറയുന്നത്. ഭാവിയിലുണ്ടാകുന്ന സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ പൂര്‍ണമായും തദ്ദേശീയമായ ആയുധങ്ങള്‍ കൂടിയേ തീരൂ. റഷ്യന്‍–യുക്രെയിന്‍ യുദ്ധവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതിയെ ബാധിച്ചെന്നും വ്യോമസേനാ മേധാവി. 

Also Read: 'ഇസ്രയേല്‍ മാതൃക ഇന്ത്യയ്ക്കുമാകും, ചെയ്തിട്ടുണ്ട്, കൂടുതലൊന്നും പറയില്ല'

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന അതിവേഗം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. ലഡാക്കിലെ സാഹചര്യം ഇപ്പോഴും സങ്കീര്‍ണമായി തുടരുന്നുവെന്നും വ്യോമസേനാ മേധാവി. സായുധസേനകളുടെ പരിശീലനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ചൈനയേക്കാള്‍ ബഹുദൂരം മുന്നിലാണ്. 

എന്നാല്‍ സാങ്കേതികവിദ്യയിലും പ്രതിരോധ ഉല്‍പ്പാദനത്തിന്‍റെ കാര്യത്തിലും ചൈന ഇന്ത്യയേക്കാള്‍ മുന്നിലെന്നും വ്യോമസേനാ ദിനത്തോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് പറഞ്ഞു. 

ENGLISH SUMMARY:

Air Chief Marshal A.P. Singh emphasized that more private companies should enter the defense sector. He stated that the aim is to manufacture all combat equipment for the Indian Air Force domestically by 2047. He also mentioned that China is enhancing its infrastructure in Ladakh, and India is working to keep pace with these developments.