വാശിയേറിയ പ്രചാരണത്തിനൊടുവില്‍ ഹരിയാന ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും.  ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഈ മാസം എട്ടിനാണ് വോട്ടെണ്ണല്‍. ഇന്ന് വൈകിട്ടോടെ ഹരിയാനയിലെയും ജമ്മു കശ്മീരിലെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.

ഒരുമാസത്തിലേറെ നീണ്ടുനിന്ന ശക്തമായ പ്രചാരണത്തിനൊടുവിലാണ് ഹരിയാന പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 90 നിയമസഭാ മണ്ഡലങ്ങളിലേക്കായി 1,031 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. ആകെയുള്ള രണ്ടുകോടി വോട്ടര്‍മാരില്‍ നാലരലക്ഷം പേര്‍ കന്നിക്കാരാണ്. ശക്തമായ ഭരണവിരുദ്ധവികാരം ഉണ്ടെങ്കിലും അത് മറികടന്ന് തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തിലെത്താനാണ് ബി.ജെ.പി. ശ്രമം. 

Also Read ; ബിജെപിക്ക് മൂന്നാമൂഴം ലഭിക്കുമോ?; ഹരിയാന തിരിച്ചുപിടിക്കുമോ കോണ്‍ഗ്രസ്?

 10 വര്‍ഷത്തിനു ശേഷം അധികാരം തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസും കരുതുന്നു.  നിര്‍ണായക ശക്തികളാവാന്‍ ആം ആദ്മി പാര്‍ട്ടിയും ജെ.ജെ.പിയും ഐ.എന്‍.എല്‍.ഡിയും രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പിക്കായി കളം നിറഞ്ഞപ്പോള്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് കോണ്‍ഗ്രസിനായി പ്രചാരണം നയിച്ചത്. 

കര്‍ഷകരുടെ അതൃപ്തി, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണ് തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയം. ആറുമാസം മുന്‍പ് മനോഹര്‍ ലാല്‍ ഘട്ടറിനെ മാറ്റി നായിബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പായി ഒട്ടേറെ ആനുകൂല്യങ്ങളും  സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്. എ.എ.പിയും ജെ.ജെ.പിയും ഐ.എന്‍.എല്‍.ഡിയും നേടുന്ന വോട്ടുകളും ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും.

ENGLISH SUMMARY:

After an intense campaign, Haryana heads to the polling booths today. Voting will begin at 7 a.m., and all preparations are complete. The vote counting is scheduled for the 8th of this month. By this evening, exit poll results for both Haryana and Jammu & Kashmir are expected to be released.