ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ വീണ്ടും കൊളുത്തിവിട്ട സനാതന ധര്‍മം വിവാദത്തിന് മറുപടിയുമായി തമിഴ്​നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മത്തെ നശിപ്പിക്കാനാവില്ലെന്നും, ആരെങ്കിലും അതിനു ശ്രമിച്ചാല്‍ അവരെ തുടച്ചുനീക്കുമെന്നുമാണ് പവന്‍ കല്യാണ്‍ പറ‍ഞ്ഞത്. 'സനാതന ധര്‍മത്തെ വൈറസ് എന്ന് വിളിക്കരുത്. ആര് അങ്ങനെ പറഞ്ഞാലും ശരി, ഞാന്‍ പറയുന്നു, സനാതന ധര്‍മത്തെ തുടച്ചുനീക്കാനാവില്ല, ആരെങ്കിലും അതിനു ശ്രമിച്ചാല്‍ അവര്‍ തുടച്ചുനീക്കപ്പെടും,' എന്നാണ് ഉദയനിധിയുടെ പേരെടുത്ത് പറയാതെ പവന്‍ കല്യാണ്‍ പറഞ്ഞത്. 

ഡെങ്കി, മലേറിയ വൈറസുകളെ പോലെ തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധര്‍മം എന്ന ഉദയനിധി സ്റ്റാലിന്റെ പഴയ പ്രസ്താവനയെ ലക്ഷ്യം വച്ചായിരുന്നു പവന്റെ പരാമര്‍ശം. പവന്‍ കല്യാണിന്റെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട്, ''കാത്തിരുന്നു കാണാം'' എന്നു മാത്രമാണ് ഉദയനിധി മറുപടി പറഞ്ഞത്.

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിനു ശേഷം ആവര്‍ത്തിച്ച് സനാതന ധര്‍മത്തെക്കുറിച്ചുള്ള പ്രസ്​താവനകള്‍ പവന്‍ നടത്തുന്നുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ ശുദ്ധിക്രിയകളില്‍ നേരിട്ട് പങ്കെടുക്കുന്ന പവന്‍ കല്യാണ്‍ പ്രായശ്ചിത്ത ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. 

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മം പരാമര്‍ശം. 'ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം', എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഇത് വലിയ വിവാദമായിരുന്നു.

ENGLISH SUMMARY:

Udayanidhi Stalin replied to Pawan Kalyan on sanatana Dharma controvercy