എക്സിറ്റ്‌പോളുകളുടെ വിശ്വാസ്യത ഒരിക്കൽക്കൂടി തകരുന്നതാണ് ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കണ്ടത്. ജമ്മു കശ്മീരിൽ ശക്തമായ മൽസരമെന്നും ഹരിയാനയിൽ കോൺഗ്രസിൻറെ വമ്പൻ തിരിച്ചുവരവെന്നും പറഞ്ഞ ഭൂരിപക്ഷം എക്സിറ്റ് പോളുകളും തിരഞ്ഞെടുപ്പ് ഫലത്തോട് ഒരു നീതിയും പുലർത്തിയില്ല.
ഇത്തവണയും വോട്ടർമാരുടെ സ്പന്ദനം മനസ്സിലാക്കാൻ എക്സിറ്റ്‌പോളുകൾക്ക് കഴിഞ്ഞില്ല എന്നുമാത്രമല്ല, എക്സിറ്റ്‌പോളുകൾ വിശ്വസിച്ച് ലഡുവും ജിലേബിയും പടക്കവുമായി എഐസിസി ആസ്ഥാനത്തെത്തിയ കോൺഗ്രസുകാർ പരിഹാസ്യരായി മടങ്ങേണ്ടിയും വന്നു. ഒന്നും രണ്ടുമല്ല അഞ്ച് എക്സിറ്റ് പോളുകളിലാണ് ഹരിയാനയിൽ ബിജെപിയുടെ തുടർച്ചയായ മൂന്നാംവരവ് തടഞ്ഞ് കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് പ്രവചിച്ചത്.
വോട്ടെണ്ണിയ ആദ്യനിമിഷങ്ങളിൽ എക്സിറ്റ് പോളുകൾ അച്ചട്ടായി എന്ന് തോന്നിക്കുംവിധം ഹരിയാനയിൽ കോൺഗ്രസിൻറെ വൻ കുതിപ്പ്. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചതോടെ കണ്ടത് കോൺഗ്രസിൻറെ തകർച്ച.
ഇന്ത്യ ടുഡെ – സിവോട്ടർ, ദൈനിക് ഭാസ്കർ, പീപ്പിൾസ് പൾസ്, ആക്സിസ് മൈ ഇന്ത്യ, റിപ്പബ്ലിക് ടിവി – പി മാർക് എന്നീ എക്സിറ്റ് പോളുകളെല്ലാം കോൺഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ ഹരിയാന പിടിക്കുമെന്നാണ് പറഞ്ഞത്. ചില എക്സിറ്റ്‌പോളുകൾ കോൺഗ്രസിന് 65 സീറ്റുകൾ വരെ പ്രവചിച്ചു.
ജമ്മു കശ്മീരിലാകട്ടെ ശക്തമായ മൽസരമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ സുരക്ഷിതമായി നാഷനൽ കോൺഫറൻസും കോൺഗ്രസും അധികാരം പിടിച്ചു. രണ്ട് എക്സിറ്റ് പോളുകൾ മാത്രം ജമ്മു കശ്മീർ ഫലവുമായി നേരിയ തോതിലെങ്കിലും നീതി പുലർത്തി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തെ പൂർണമായി എഴുതിതള്ളി എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷം പ്രവചിച്ചായിരുന്നു ഒട്ടുമിക്ക എക്സിറ്റ്‌പോളുകളും.