അരുമ നായ്ക്കളോടുള്ള രത്തന്‍ ടാറ്റയുടെ സ്നേഹവാല്‍സല്യങ്ങളും അനുകമ്പയും ലോക പ്രശസ്തമാണ്. ആ സ്നേഹക്കൂടുതല്‍ കാരണം സാക്ഷാല്‍ ചാള്‍സ് രാജാവ് പങ്കെടുക്കാനിരുന്ന ചടങ്ങിനോട് പോലും 'നോ' പറഞ്ഞ ചരിത്രമുണ്ട് രത്തന്‍ ടാറ്റയ്ക്ക്. 2018ലായിരുന്നു ചാള്‍സ് രാജാവിനെ പോലും അമ്പരപ്പിച്ച ആ സംഭവമുണ്ടായതെന്ന് വ്യവസായിയായ സുഹൈല്‍ സേഥ് ഓര്‍ത്തെടുക്കുന്നു. ജീവകാരുണ്യരംഗത്തെ സമഗ്ര സംഭാവനകള്‍ മാനിച്ച് രത്തന്‍ ടാറ്റയെ ബക്കിങ്ഹാം പാലസില്‍ വച്ച് ആദരിക്കുന്നതായിരുന്നു ചടങ്ങ്. ബ്രിട്ടിഷ് ഏഷ്യന്‍ ട്രസ്റ്റായിരുന്നു പരിപാടിയുടെ സംഘാടകര്‍.
മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത് പ്രകാരം ചടങ്ങില്‍ പങ്കെടുക്കാമെന്ന് രത്തന്‍ അറിയിച്ചു. അതിനായി തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്‍റെ അരുമനായ്ക്കളിലൊന്നായ ടിറ്റോ /ടാങ്കോയ്ക്ക് സുഖമില്ലാതെ വന്നു. ഇതോടെ ലണ്ടന്‍ ട്രിപ്പ് അദ്ദേഹം ഒഴിവാക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് സുഹൈല്‍ പറയുന്നതിങ്ങനെ.. '2018 ഫെബ്രുവരി ആറിന് ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ച് രത്തന്‍ ടാറ്റയെ ആദരിക്കുന്ന ചടങ്ങ് നിശ്ചയിച്ചു. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി, ഞാന്‍ ലണ്ടനിലെത്തി. ഫെബ്രുവരി മൂന്നിന് ഹീത്രു വിമാനത്താവളത്തില്‍ നില്‍ക്കെ എന്‍റെ ഫോണിലേക്ക് രത്തന്‍ ടാറ്റയുടെ 11 മിസ്ഡ് കോളുകള്‍ വന്നു. പെട്ടെന്ന് ഞെട്ടിപ്പോയ ഞാന്‍ തിരികെ വിളിച്ചു. അപ്പോഴാണ് അരുമനായ്ക്കളായ ടാങ്കോയ്ക്കോ ടിറ്റോയ്ക്കോ അവരില്‍ ഒരാള്‍ക്ക് തീരെ സുഖമില്ലെന്നും ഗുരുതരാവസ്ഥയിലാണെന്നും രത്തന്‍ വെളിപ്പെടുത്തിയത്. അസുഖബാധിതനായ അവനെ തനിച്ചാക്കി തനിക്ക് വരാന്‍ കഴിയില്ലെന്നും രത്തന്‍ ഉറപ്പിച്ച് പറഞ്ഞു. 'രത്തന്‍, ചാള്‍സ് രാജാവാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്..' രത്തന്‍ വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചുവെന്നും സുഹൈല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. രാജകീയമായ ബഹുമാനത്തെക്കാള്‍ തന്‍റെ അരുമയെ പരിചരിക്കാനും അന്ത്യനിമിഷങ്ങളില്‍ ഒപ്പമിരിക്കാനുമാണ് രത്തന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടിഷ് രാജകൊട്ടാരത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രത്തന്‍ വരുന്നില്ലെന്ന വാര്‍ത്ത അതിവേഗം രാജകുടുംബത്തിലുമെത്തി. രത്തന്‍റെ സഹാനുഭൂതിയെ പ്രശംസിച്ച ചാള്‍സ് രാജാവ് അതാണ് രത്തന്‍ എന്ന മനുഷ്യനെന്നും അതാണ് ടാറ്റ കുടുംബം ഇത്ര മഹത്തരമായി നിലനില്‍ക്കുന്നതെന്നും അഭിനന്ദിക്കുകയുണ്ടായി.