രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ നൊമ്പരക്കുറിപ്പുമായി സുഹൃത്തും ബോളിവുഡ് നടിയും സംവിധായികയുമായ സിമി ഗരേവാള്‍. 'അവര്‍ പറയുന്നു നിങ്ങള്‍ പോയെന്ന്.. നിങ്ങളില്ലെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ നഷ്ടം താങ്ങാവുന്നതിനും അപ്പുറമാണ്. വിട പ്രിയ സുഹൃത്തേ..' എന്നായിരുന്നു സിമി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. ഒരുകാലത്ത് രത്തനുമായി പ്രണയത്തിലായിരുന്നു സിമി. പിരിഞ്ഞുവെങ്കിലും ഇരുവരും ആഴമേറിയ സൗഹൃദമാണ് പില്‍ക്കാലത്തും തുടര്‍ന്നത്.
വിവാഹത്തോളമെത്തിയ പ്രണയമായിരുന്നുവെങ്കിലും രത്തന്‍ ടാറ്റയുടെ ഈ ബന്ധവും വിവാഹത്തിലെത്തിയില്ല. 'നര്‍മരസവും വിനയവും മാന്യതയുമെന്നിങ്ങനെ എല്ലാ ഗുണങ്ങളുമുള്ള ഉത്തമ പുരുഷനാണ് അദ്ദേഹം എന്നായിരുന്നു സിമി രത്തനെ വിശേഷിപ്പിച്ചത്. പണത്തെ ഒരിക്കലും രത്തന്‍ വലുതായി കണ്ടില്ല. വിദേശത്തേക്കാള്‍ ഇന്ത്യയില്‍ തന്നെ നില്‍ക്കാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യമെന്നും സിമി പറയുന്നു. പ്രണയം ബന്ധം അവസാനച്ചോടെ സിമി 1970ല്‍ രവി മോഹനെ വിവാഹം കഴിച്ചു. പത്തുവര്‍ഷത്തോളമാണ് ഈ ബന്ധം നീണ്ടത്. രവിയുമായി പിരിഞ്ഞ ശേഷം സിമി മറ്റാരെയും വിവാഹം കഴിച്ചില്ല. Also Read: യുദ്ധം തകർത്ത പ്രണയം, അവിവാഹിതൻ
1959 ല്‍ യുഎസിലെ പഠനകാലത്തായിരുന്നു രത്തന്‍റെ ആദ്യ പ്രണയം. അക്കാലത്ത് മുത്തശ്ശിയുടെ ആരോഗ്യനില മോശമായതോടെ രത്തന് അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. പ്രണയിനി തനിക്കൊപ്പം ഇന്ത്യയിലേക്ക് വരുമെന്ന് രത്തന്‍ പ്രതീക്ഷിച്ചുവെങ്കിലും 1962 ല്‍ ചൈനയുമായുണ്ടായ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അസ്വസ്ഥതകളുണ്ടായതോടെ അവര്‍ യുഎസില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. രത്തന്‍ തനിച്ച് ഇന്ത്യയിലേക്കും മടങ്ങി വന്നു. പിന്നീട് സിമിയുമായുണ്ടായതുള്‍പ്പടെയുള്ള പ്രണയങ്ങളൊന്നും ഒന്നും വിവാഹത്തിലെത്തിയില്ലെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.