ബിഹാറില്‍ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ. സീതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് എംഎൽഎ മിഥിലേഷ് കുമാർ വാള്‍ നല്‍കിയത്. ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് വാളുകൾ വിതരണം ചെയ്തത്.
'ഏതെങ്കിലും ദുഷ്ടൻ നമ്മുടെ സഹോദരിമാരെ തൊടാൻ തുനിഞ്ഞാൽ, ഈ വാളുകൊണ്ട് അവന്‍റെ കൈ വെട്ടു'മെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാള്‍ വിതരണം. സീതാമർഹി നഗരത്തിലെ കപ്രോൽ റോഡില്‍ ആഘോഷങ്ങള്‍ക്കായി പന്തലുകള്‍ ഒരുക്കിയിരുന്നു. ഇവിടെയെത്തിയായിരുന്നു എംഎല്‍എയുടെ വിവാദ പ്രസംഗവും വാള്‍ വിതരണവും.
'ഉപദ്രവിക്കുന്നവരുടെ അവരുടെ കൈകൾ വെട്ടാൻ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം, ആവശ്യമെങ്കിൽ ഞാനും നിങ്ങളും ഇത് ചെയ്യണം. നമ്മുടെ സഹോദരിമാർക്കെതിരെ വരുന്ന എല്ലാ ക്രൂരന്മാരെയും നശിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.
സീതാമർഹി മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് മിഥിലേഷ് കുമാർ. തന്‍റെ ആശയത്തോടൊപ്പം ചേരാനും തന്നെ പിന്തുണയ്ക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ച എംഎല്‍എ തിന്മകൾക്കെതിരെ പ്രവർത്തിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചടങ്ങിനിടെ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ മിഥിലേഷ് കുമാർ വേദിയിൽ പ്രദർശിപ്പിക്കുകയും പൂജിക്കുകയും ചെയ്തു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആയുധ ആരാധന നടത്തുന്ന പതിവുണ്ടെങ്കിലും ഇത്തരത്തില്‍ പ്രസംഗം നടത്തുകയും ആയുധം വിതരണം ചെയ്യുന്നതും കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എംഎല്‍എയുടെ പ്രസംഗവും വാളുകള്‍ വിതരണം ചെയ്യുന്ന ചിത്രവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.